പത്തനംതിട്ട : സംസ്ഥാനത്ത് 108 ആംബുലന്സ് പദ്ധതിയുടെ ഭാഗമായി സര്ക്കാര് ജില്ലയ്ക്ക് അനുവദിച്ച 16 ആംബുലന്സുകളില് അഞ്ചെണ്ണം ജില്ലയിലെത്തി. ജില്ലാ മെഡിക്കല് ഓഫീസറുടെ നിര്ദേശ പ്രകാരം ഈ ആംബുലന്സുകള് കോന്നി മെഡിക്കല് കോളേജ് ആശുപത്രി വളപ്പിലേക്ക് മാറ്റി. 15 ബേസിക്ക് ലൈഫ് സപ്പോര്ട്ട് ആംബുലന്സും ഒരു അഡ്വാന്സ്ഡ് ലൈഫ് സപ്പോര്ട്ട് ആംബുലന്സുമാണ് ഇതിലുള്ളത്. ബാക്കി ആംബുലന്സുകള് കൂടി ജില്ലയില് എത്തുന്നതോടെ ഇത് ജില്ലയിലെ വിവിധ സര്ക്കാര് ആശുപത്രികള്ക്ക് കൈമാറും. സംസ്ഥാനത്ത് പുതിയതായി അനുവദിച്ച 108 ആംബുലന്സുകളുടെ ഫ്ലാഗ് ഓഫ് ചടങ്ങ് കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രി കെ.മുരളീധരന് തിരുവനന്തപുരത്ത് നിര്വഹിച്ചിരുന്നു.
നിയോനേറ്റര്, അഡ്വാന്സ് ലൈഫ് സപ്പോര്ട്ട്, ബേസിക് ലൈഫ് സപ്പോര്ട്ട് ആംബുലന്സുകളാണ് സര്ക്കാരിന്റെ കര്മ്മ പദ്ധതിയില് ഉള്പ്പെടുത്തി ഫ്ലാഗ് ഓഫ് ചെയ്തത്. 335 ആംബുലന്സുകളാണ് സംസ്ഥാനത്തെ വിവിധ സര്ക്കാര് ആശുപത്രികള്ക്കായി സംസ്ഥാന സര്ക്കാര് അനുവദിച്ചത്. കഴിഞ്ഞ സര്ക്കാരിന്റെ കാലത്ത് 108 ആംബുലന്സുകളുടെ എണ്ണത്തില് വലിയ കുറവുണ്ടായിരുന്നു. മാത്രമല്ല 108 ആംബുലന്സ് ഡ്രൈവര്മാര്ക്ക് ശമ്പളം ലഭിക്കാതിരുന്നതും വലിയ ചര്ച്ചകള്ക്ക് വഴിവെച്ചിരുന്നു. പുതിയ ആംബുലന്സുകള് അനുവദിച്ചതിലൂടെ ഇവയെല്ലാം പരിഹരിക്കുവാനാണ് സര്ക്കാര് ലക്ഷ്യമിടുന്നത്.




























