കോട്ടയം : പമ്പാവാലി വട്ടപ്പാറ മലയില് എക്സൈസ് നടത്തിയ പരിശോധനയില് വാറ്റുകേന്ദ്രത്തില് നിന്നും വന് കോട ശേഖരം പിടികൂടി. 3000 ലിറ്ററോളം കോടയാണ് റാന്നി എക്സൈസ് നടത്തിയ പരിശോധനയില് കണ്ടെത്തിയത്. അന്വേഷണ സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില് ഈ സ്ഥലം കണ്ടെത്തുന്നതിനായി രണ്ടുദിവസമായി എക്സൈസ് ഷാഡോ സംഘം ഈ സ്ഥലത്തെ വനാതിർത്തിയില് തമ്പടിച്ചിരിക്കുകയായിരുന്നു. ശനിയാഴ്ച പുലര്ച്ചയോടെയാണ് സംഘം വാറ്റുകേന്ദ്രം കണ്ടെത്തുന്നത്. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ അരുണിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന നടന്നത്.
ശബരിമല തീര്ത്ഥാടന കാലത്ത് ചാരായം വില്പന നടത്തുന്നതിനായാണ് കോട നിര്മ്മിച്ചിരുന്നതെന്ന് അന്വേഷണത്തില് വ്യക്തമായതായി എക്സൈസ് അറിയിച്ചു. മുൻ വർഷങ്ങളിലും ഇതേ സ്ഥലത്തുനിന്ന് വാറ്റുചാരായ കേന്ദ്രങ്ങൾ പിടികൂടിയിട്ടുണ്ട്. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഹരിഹരൻ ഉണ്ണി, എക്സൈസ് ഉദ്യോഗസ്ഥരായ അഫ്സൽ നാസർ, അനൂപ് കുമാർ, സുരേഷ് കുമാർ എസ്. എന്നിവർ അന്വേഷണത്തില് പങ്കെടുത്തു.




























