കോഴിക്കോട് : രോഗലക്ഷണമില്ലാത്തവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ കോഴിക്കോട് ജില്ലാ കളക്ടര്‍ ആരോഗ്യ വകുപ്പിന് അടിയന്തര റിപ്പോര്‍ട്ട് നല്‍കും. അപൂര്‍വ്വ സാഹചര്യം കണക്കിലെടുത്ത് വിശദമായ പഠനം നടത്തണമെന്ന ഡിഎംഒയുടെ ശുപാര്‍ശയോടെയാണ് റിപ്പോര്‍ട്ട് നല്‍കുക. മുമ്പ് രോഗം സ്ഥിരീകരിച്ച എടച്ചേരി സ്വദേശിയുടെ വീട്ടിലുള്ള രണ്ട് പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.
രണ്ട് പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ എടച്ചേരിയിലെ ഒരു വീട്ടിലുള്ള അഞ്ച് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇവരില്‍ ഒരാള്‍ക്ക് പോലും നിലവില്‍ കോവിഡ് രോഗ ലക്ഷണമില്ല. ഈ സാഹചര്യത്തിലാണ് വിശദമായ റിപ്പോര്‍ട്ട് ആരോഗ്യ വകുപ്പിന് നല്‍കാന്‍ ജില്ലാ കളക്ടര്‍ തീരുമാനിച്ചത്. അസാധാരണ സാഹചര്യമാണ് മുമ്പിലുള്ളതെന്നാണ് ഡിഎംഒയുടെ വിലയിരുത്തല്‍. വിശദമായ പഠനം നടത്തേണ്ടതുണ്ടെന്ന നിഗമനത്തിലാണ് ആരോഗ്യ വകുപ്പ്.
ഗള്‍ഫില്‍ നിന്ന് വന്ന് 29 ദിവസത്തിന് ശേഷമാണ് എടച്ചേരി സ്വദേശിയായ 39കാരന് രോഗം സ്ഥിരീകരിച്ചത്. ക്വറന്‍റൈന്‍ സമയം കഴിഞ്ഞതിന് ശേഷം രോഗം സ്ഥിരീകരിച്ചത് ആരോഗ്യ വകുപ്പിനെ കുഴക്കുന്നുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണ്.