കാഞ്ഞങ്ങാട്: കടക്കുമുകളിൽ മിന്നലേറ്റു. വ്യാപാരിക്ക് ഉൾപ്പെടെ കടയിലുണ്ടായിരുന്ന അഞ്ചുപേർക്ക് അപകടത്തിൽ പൊള്ളലേറ്റു. കുറ്റിക്കോൽ വാവടുക്കത്ത് ഞായറാഴ്ച വൈകീട്ട് ആറോടെയാണ് സംഭവം. വാവടുക്കത്തെ പല ചരക്കുവ്യാപാരി ജനാർദനൻ (56), ബാവടുക്കം സ്വദേശികളായ കൃഷ്ണൻ (60), കുമാരൻ (56), അംബുലാടിയിലെ രാമചന്ദ്രൻ (60) എന്നിവർക്കാണ് പൊള്ളലേറ്റത്. ജനാർദനന്റെയും കുമാരന്റെയും ദേഹമാസകലം പൊള്ളി ഗുരുതരമായി പരിക്കേറ്റു. അഞ്ചുപേരെയും കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കടയിലുണ്ടായിരുന്നത് അഞ്ചുപേരാണ്. ഈ അഞ്ചുപേർക്ക് പൊള്ളലേറ്റിട്ടുണ്ട്. കസേരയിലും ബെഞ്ചിലും ഇരിക്കുകയായിരുന്ന അഞ്ചുപേരും മിന്നലിന്റെ ആഘാതത്തിൽ കടക്കുള്ളിൽനിന്ന് പുറത്തേക്ക് തെറിച്ചുവീണു. വീഴ്ചയിലും പലർക്കും പരിക്കേറ്റു. കോൺക്രീറ്റ് കെട്ടിടത്തിന്റെ വയറിങ്ങുകൾ ഉൾപ്പെടെ പൂർണമായും കത്തി. കടക്ക് മുന്നിലുണ്ടായിരുന്ന വാഴകൾ പൂർണമായും കരിഞ്ഞു. ഞായറാഴ്ച ഉച്ച മുതൽ ഇരുട്ട് മൂടിയ അന്തരീക്ഷമായിരുന്നു. മഴയും നേരിയ മിന്നലേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ അപ്രതീക്ഷിതമായെത്തിയ മിന്നലിൽ വാവടുക്കം ഗ്രാമം നടുങ്ങി.