അഹമ്മദാബാദ് : തീവണ്ടികള്‍ ചൂളംവിളിച്ചെത്തുന്ന റെയില്‍വേ സ്റ്റേഷനുമുകളില്‍ അതിന്റെ ഒച്ചയോ കുലുക്കമോ ഒന്നും ഏശാതെ ഒരു ബഹുനില പഞ്ചനക്ഷത്ര ഹോട്ടല്‍. ഗുജറാത്തിന്റെ തലസ്ഥാനമായ ഗാന്ധിനഗറിലെ ഈ ആധുനിക നിര്‍മ്മിതി വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. 790 കോടിയോളം രൂപ ചെലവിട്ട് നിര്‍മ്മിച്ച ഇത് തീവണ്ടി നിലയത്തിന് മുകളിലുള്ള ഇന്ത്യയിലെ ഏക ഹോട്ടലാണ്. സ്റ്റേഷനിലെ മൂന്ന് പ്ലാറ്റ് ഫോമുകളില്‍ നിന്ന് 22 മീറ്റര്‍ ഉയരത്തിലാണ് ഹോട്ടലിന്റെ ആദ്യനില. നാല് ബ്ലോക്കുകളിലായി 318 മുറികളുള്ള ഹോട്ടലിന്റെ നടത്തിപ്പ് ലീലാ ഗ്രൂപ്പിനാണ്.
രാഷ്ട്രത്തലവന്‍മാര്‍ക്കുള്ള നാല് പ്രസിഡന്‍ഷ്യല്‍ സ്യൂട്ടുകള്‍ ഹോട്ടലിലുണ്ട്. ഒമ്പതുമുതല്‍ പതിമൂന്ന് നിലകള്‍വരെയുള്ള ബ്ലോക്കുകളുണ്ട്. 7400 ചതുരശ്ര മീറ്ററാണ് വിസ്തീര്‍ണം. 32 കോടി രൂപ ചെലവില്‍ പണിത അടിപ്പാതയിലൂടെ നേരിട്ട് സ്റ്റേഷനില്‍നിന്ന് ഹോട്ടലിലെത്താം. ലിഫ്റ്റ് സൗകര്യങ്ങളുമുണ്ട്. വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിയും മറ്റും നടക്കാറുള്ള മഹാത്മാമന്ദിറിലേക്ക് അനുബന്ധ പാതയുമുണ്ട്. സമ്മേളനങ്ങള്‍ക്ക് വരുന്നവര്‍ക്കുസമീപം ആധുനിക താമസ സൗകര്യമൊരുക്കുകയാണ് 2017 – ല്‍ നിര്‍മ്മാണം തുടങ്ങിയ ഹോട്ടലിന്റെ ഉദ്ദേശ്യം.
243 കോടി രൂപ ചെലവുപ്രതീക്ഷിച്ചാണ് പണി തുടങ്ങിയതെങ്കിലും രൂപകല്‍പ്പനയില്‍ മാറ്റങ്ങള്‍ വരുത്തിയതിനാല്‍ തുക രണ്ടര ഇരട്ടിയായി വര്‍ധിച്ചു. സ്റ്റേഷനില്‍നിന്നുള്ള കമ്പനങ്ങളൊന്നും ഹോട്ടലില്‍ അനുഭവപ്പെടാത്ത വിധമാണ് നിര്‍മ്മിതി. ഗുജറാത്ത് സര്‍ക്കാരിന്റെയും ഇന്ത്യന്‍ റെയില്‍വേ സ്റ്റേഷന്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്റെയും സംയുക്ത സംരംഭമായ ഗരുഡ് ആണ് സ്റ്റേഷന്‍ നവീകരണവും ഹോട്ടല്‍ നിര്‍മ്മാണവും നടത്തിയത്. ഗുജറാത്ത് സര്‍ക്കാരിന് 74 ശതമാനം പങ്കാളിത്തമുണ്ട്.
വീഡിയോ കോണ്‍ഫറന്‍സിലൂടെയാകും മോദി ഹോട്ടല്‍ ഉദ്ഘാടനം ചെയ്യുക. സ്ഥലം എം.പി അമിത് ഷായും സംബന്ധിക്കും. റെയില്‍വേ മന്ത്രി അശ്വിനി വിഷ്ണോയ് ഗാന്ധിനഗറിലെത്തും. സോള സയന്‍സ് സിറ്റിയില്‍ 264 കോടി രൂപയുടെ അക്വാറ്റിക് ഗ്യാലറി, 127 കോടി രൂപയുടെ റോബോട്ടിക് ഗ്യാലറി എന്നിവയും മോദി അന്നുതന്നെ തുറന്നുകൊടുക്കും.