കൊല്ലം: കേരളത്തെ നടുക്കിയ പരവൂർ പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തത്തിന് ഇന്ന് അഞ്ചാണ്ട്. 110 പേരുടെ ജീവന്‍ നഷ്ടമാകുകയും ഏഴുനൂറിലധികം പേര്‍ക്ക് സാരമായി പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
2016 ഏപ്രില്‍ 10ന് പുലര്‍ച്ചെ 3.11ന് ആയിരുന്നു ദുരന്തം നടന്നത്. കമ്പത്തിനായി നിറച്ചിരുന്ന വെടിമരുന്നിലേക്ക് തീപ്പൊരി വീണാണ് അപകടമുണ്ടായതെന്നാണ് കേസ് അന്വേഷിച്ച ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തല്‍. 750ഓളം പേര്‍ക്കാണ് അപകടത്തില്‍ പരുക്കേറ്റത്. 180 വീടുകളും നിരവധി കിണറുകളും തകര്‍ന്നു. പുറ്റിങ്ങലമ്മയുടെ തിരുനാളായ മീനഭരണിദിനത്തില്‍ പതിവ് പോലെ ഉത്സവത്തിമിര്‍പ്പിലായിരുന്നു അന്ന് പുറ്റിങ്ങല്‍ ദേശം.
ശരീരഭാഗങ്ങള്‍ ചിതറി ചോര ചീറ്റി. യുദ്ധഭൂമി പോലെ ചേതയനയറ്റ ശരീരങ്ങള്‍. ശരീരഭാഗങ്ങള്‍ നഷ്ടപ്പെട്ട നൂറു കണക്കിന് പേര്‍. ചെറിയ മുറിവേറ്റവര്‍ തന്നെ ആദ്യം രക്ഷാപ്രവര്‍ത്തകരായി. താമസിയാതെ കൂടുതല്‍ ഫയര്‍ഫോഴ്സും പോലീസുമെത്തി. മൃതദേഹങ്ങളും ശരീരഭാഗങ്ങളും അര്‍ദ്ധപ്രാണനായി കിടന്നവരെയും വാരിയെടുത്ത് ആംബുലന്‍സുകള്‍ പാഞ്ഞു. മരണസംഖ്യ ഉയര്‍ന്നു കൊണ്ടിരുന്നു. പൊള്ളലേറ്റും പരിക്കേറ്റും ചികിത്സയിലായിരുന്ന പലരും ആശുപത്രികളില്‍ മരണത്തിന് കീഴടങ്ങി.
കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് പരവൂര്‍ കോടതിയില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചത്. 52 പേരടങ്ങുന്ന പ്രതിപ്പട്ടികയില്‍ ക്ഷേത്രകമ്മിറ്റി ഭാരവാഹികളും വെടിക്കെട്ട് നടത്തിയവരുമാണ് ഉള്‍പ്പെട്ടത്. ജസ്റ്റിസ് പി എസ് ഗോപിനാഥന്‍ അധ്യക്ഷനായ ജുഡീഷ്യല്‍ കമ്മിഷനും സംഭവം അന്വേഷിച്ചിരുന്നു. സര്‍ക്കാര്‍ സംവിധാനത്തിനും ഉദ്യോഗസ്ഥര്‍ക്കും വലിയ വീഴ്ചയാണ് പറ്റിയതെന്ന് ജുഡീഷ്യല്‍ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയപ്പോള്‍ ആ വിഭാഗത്തിനെ തൊടാതെയാണ് ക്രൈം ബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചത്. അപകടസ്ഥലം പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് സന്ദര്‍ശിച്ചിരുന്നു.