ന്യൂഡൽഹി : നേപ്പാൾ-ടിബറ്റ് അതിർത്തിയിലെ മിന്നൽപ്രളയം സംബന്ധിച്ച മുന്നറിയിപ്പ് പങ്കുവെച്ചതിനെച്ചൊല്ലി നേപ്പാളും ചൈനയും തമ്മിൽ തർക്കം. ഹിമപാതത്തിന്റെ ഉറവിടം ചൈനയിലാണെന്നും അവർ യഥാസമയം മുന്നറിയിപ്പ് നൽകിയില്ലെന്നും നേപ്പാൾ അധികൃതർ ആരോപിക്കുന്നു. രണ്ട് ആരോപണങ്ങളും ചൈന നിഷേധിച്ചു. ഹിമപാതം സംബന്ധിച്ച മുന്നറിയിപ്പ് പങ്കിടാൻ ചൈന-നേപ്പാൾ ധാരണയുണ്ട്. എന്നാൽ, ഇക്കുറി ചൈന യഥാസമയം മുന്നറിയിപ്പ് നൽകിയില്ല, ചൈനയുടെ ഭാഗത്തെ ഒരു അണക്കെട്ട് പൊട്ടിയാണ് നേപ്പാളിൽ കൊടുംനാശമുണ്ടായത് എന്നീ ആരോപണങ്ങളാണ് നേപ്പാൾ ഉന്നയിച്ചത്. ദുരന്തം സംബന്ധിച്ച വിവരങ്ങൾ നേപ്പാളിനെ ചൈന അറിയിച്ചോ എന്നതാണ് നയതന്ത്രമേഖലയിൽ ഉയരുന്ന ചോദ്യം.
നേപ്പാളിലെ ജലശാസ്ത്രജ്ഞർ പറയുന്നതനുസരിച്ച്, ബുധനാഴ്ച രാവിലെ 8.40ന് പ്രളയം നേപ്പാളിൽ പ്രവേശിച്ചു. പത്തുമിനുട്ട് പിന്നിട്ടപ്പോൾ ശ്യാബ്രുബേശിയിലെത്തി. ഇതുസംബന്ധിച്ച വിവരം നേപ്പാളിന് ലഭിക്കുന്നത് ഒൻപതുമണിക്കാണ്. അപ്പോഴേക്ക് പ്രളയം അതിർത്തി കടന്നെത്തിയിരുന്നു. ഈ സമയതാമസമാണ് വിവാദമായത്. പ്രകൃതിദുരന്തം ആരംഭിച്ചത് എപ്പോഴാണ് എന്നതുസംബന്ധിച്ചും ചോദ്യമുയരുന്നു. ജനങ്ങൾ പ്രളയം കണ്ടുതുടങ്ങുമ്പോഴല്ല, വളരെ ഉയരത്തിലുള്ള ഹിമാലയൻ താഴ്വരയിൽ പ്രളയപരമ്പര നേരത്തേ ആരംഭിക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ചൈന തങ്ങൾക്ക് സമയബന്ധിതമായി മുന്നറിയിപ്പ് നൽകിയില്ലെന്ന് നേപ്പാളിലെ മുൻ വനം-പരിസ്ഥിതി മന്ത്രി മാധവ് പ്രസാദ് ചൗലേഗിയൻ പറഞ്ഞു.
നേപ്പാളിന്റെ അതിർത്തിക്കുള്ളിലാണ് പ്രളയം തുടങ്ങിയതെന്ന ചൈനയുടെ വാദവും തള്ളി. ടിബറ്റിൽനിന്നാണ് പ്രശ്നം തുടങ്ങിയതെന്നും യഥാർഥചിത്രം വ്യക്തമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നേപ്പാൾ-ചൈന-ഇന്ത്യ മുന്നറിയിപ്പ് സംവിധാനം സ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിരീക്ഷണസംവിധാനത്തിലെ സമയതാമസവും ദുരന്തത്തിന്റെ അതിവേഗവും കണക്കിലെടുക്കുമ്പോൾ, താഴ്വരകളിൽ താമസിക്കുന്നവർക്ക് പ്രതികരിക്കാൻ 20 നിമിഷം മാത്രമാണ് കിട്ടിയതെന്ന് വിദഗ്ധർ പറയുന്നു. നേപ്പാളിന്റെ വാദം അടിസ്ഥാനരഹിതമാണെന്ന് നേപ്പാളിലെ ചൈനീസ് എംബസി കുറ്റപ്പെടുത്തി.
ചൈനയുടെ മേഖലയിലാണ് ഹിമപാതത്തിന്റെ ഉദ്‌ഭവം എന്ന വാദവും ചൈന തള്ളി. ഓഗസ്റ്റ് 26-ന് രാവിലെ നേപ്പാളിന്റെ ഭാഗത്ത് ഭൂകമ്പത്തിന് സമാനമായ നിലയിൽ ഹിമപാതം സംഭവിച്ചെന്ന് ചൈനീസ് എംബസി നൽകിയ പ്രസ്താവനയിൽ പറഞ്ഞു. ആരോപണങ്ങൾ ഒന്നിനും ഗുണകരമല്ലെന്നും സഹകരണം ജീവിതങ്ങളെ രക്ഷിക്കുമെന്നും ചൈന പ്രസ്താവനയിൽ പറയുന്നു.


































