കൊച്ചി : നിയന്ത്രിത സ്ഫോടനത്തിലൂടെ മരടിലെ ഫ്ലാറ്റുകള്‍ നിലംപതിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി. പൊളിക്കല്‍ നടപടികള്‍ക്ക് മുന്നോടിയായി സുരക്ഷാക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിന്റെ ഭാഗമായി ഇന്ന് മരടില്‍ മോക്ഡ്രില്‍ നടക്കും. സ്ഫോടനം ഒഴികെയുള്ള കാര്യങ്ങളിലെ നടപടിക്രമങ്ങള്‍ കുറ്റമറ്റതായിട്ടാണോ പ്രവര്‍ത്തിക്കുന്നതെന്ന് ഉറപ്പുവരുത്തുന്നതിനാണിത്. ചീഫ് സെക്രട്ടറി ടോം ജോസ് വ്യാഴാഴ്ച വൈകുന്നേരത്തോടെ ഫ്ലാറ്റ് സമുച്ചയങ്ങള്‍ സന്ദര്‍ശിച്ചു സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു.
സമീപവാസികളുടെ ആശങ്കകള്‍ അകറ്റുന്നതിന് മരട് നഗരസഭയും സര്‍ക്കാരും ചേര്‍ന്നു പുറത്തിറക്കിയ വീഡിയോ സന്ദേശം ജനങ്ങളിലെത്തിക്കുന്നതിന്റെ ഭാഗമായി അധികൃതരും വീടുകള്‍ സന്ദര്‍ശിച്ചു. റസിഡന്‍സ് അസോസിയേഷനുകള്‍ മുഖേന വാട്സാപ് വഴിയും വീഡിയോ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ട്. അതേസമയം ഫ്ലാറ്റുകള്‍ക്കു സമീപത്തുനിന്ന് വീട്ടുകാര്‍ ഒഴിഞ്ഞുപോയിത്തുടങ്ങിയിട്ടുണ്ട്. ഒട്ടുമിക്കവരും വീടുകള്‍ വലിയ പ്ലാസ്റ്റിക് പടുതകൊണ്ട് മൂടിയിരിക്കുകയാണ്.