കൊച്ചി: മറൈന്‍ ഡ്രൈവിനടുത്തുള്ള ഫ്ലാറ്റില്‍ നിന്ന് വീട്ടുജോലിക്കാരി വീണതില്‍ ദുരൂഹതയെന്ന് പോലീസ്. ഫ്ലാറ്റിലെ ആറാം നിലയില്‍ നിന്ന് കെട്ടിത്തൂക്കിയ സാരിയിലൂടെ രക്ഷപ്പെടാന്‍ ശ്രമിക്കവെയാണ് അപകടം. അമ്പത്തഞ്ച് വയസ്സുള്ള തമിഴ്നാട് സേലം സ്വദേശിനിയായ കുമാരി എന്ന സ്ത്രീയാണ് ഫ്ലാറ്റില്‍ നിന്ന് വീണ് പരിക്കേറ്റ നിലയില്‍ ആശുപത്രിയിലുള്ളത്. ഫ്ലാറ്റുടമയെ ചോദ്യം ചെയ്യുകയാണ് പോലീസ്.
ആദ്യം എറണാകുളം ജനറല്‍ ആശുപത്രിയിലാണ് ഇവരെ പ്രവേശിപ്പിച്ചതെങ്കിലും പരിക്ക് ഗുരുതരമാണെന്ന് കണ്ട് ലേക്ക് ഷോറിലേക്ക് മാറ്റിയിരിക്കുകയാണ്. മറൈന്‍ ഡ്രൈവിന് സമീപത്തുള്ള ലിങ്ക് ഹൊറൈസണ്‍ എന്ന ഫ്ലാറ്റിലാണ് സംഭവമുണ്ടായത്. നാട്ടില്‍ പോയി വന്നിട്ട് പത്ത് ദിവസം കഴിഞ്ഞപ്പോഴാണ് അപകടമുണ്ടായത്.
വീട്ടുജോലിക്കാരി ഫ്ലാറ്റിന്‍റെ ആറാം നിലയില്‍ നിന്ന് അബദ്ധത്തില്‍ വീണതല്ലെന്നും സാരികള്‍ കെട്ടിത്തൂക്കി ഊര്‍ന്നിറങ്ങി രക്ഷപ്പെടാന്‍ ശ്രമിക്കൂമ്പോഴാണ് അപകടമുണ്ടായതെന്നും പോലീസ് പറഞ്ഞു. ഫ്ലാറ്റുടമ ഇംതിയാസ് അഹമ്മദ്, ഫ്ലാറ്റ് അസോസിയേഷന്‍ സെക്രട്ടറി കൂടിയാണ്. ഇയാളെ പോലീസ് ചോദ്യം ചെയ്യുകയാണ്.
55 വയസ്സുള്ള കുമാരി കഴിഞ്ഞ കുറച്ചുകാലമായി ഫ്ലാറ്റുടമയായ ഇംതിയാസ് അഹമ്മദിന്‍റെ വീട്ടില്‍ ജോലി ചെയ്ത് വരികയായിരുന്നു. കോവിഡ് ലോക്ക്ഡൗണ്‍ തുടങ്ങിയ ശേഷം നാട്ടിലേക്ക് മടങ്ങിയ ഇവര്‍ പത്ത് ദിവസം മുമ്പ് മാത്രമാണ് തിരികെ ജോലിയില്‍ പ്രവേശിച്ചത്. ചാടുന്ന സമയത്ത് ഇവര്‍ താമസിച്ചിരുന്ന മുറി അകത്ത് നിന്ന് പൂട്ടിയിരുന്നുവെന്നും പോലീസ് പറയുന്നു. ഇതുകൊണ്ടുതന്നെ, ആത്മഹത്യാശ്രമമോ അബദ്ധത്തില്‍ വീണതോ അല്ലെന്നാണ് പോലീസിന്‍റെ നിഗമനം.