കൊച്ചി : മറൈന്‍ ഡ്രൈവില്‍ ഫ്ലാറ്റിന്റെ ആറാം നിലയില്‍ നിന്ന് വീട്ടുജോലിക്കാരി സാരികള്‍ കൂട്ടിക്കെട്ടി താഴേയ്ക്കു ചാടിയ സംഭവത്തില്‍ ഫ്ലാറ്റ് ഉടമ ഇംതിയാസ് അഹമ്മദിനെതിരെ പോലീസ് കേസെടുത്തു.
ഇവരെ വീട്ടുതടങ്കലില്‍ വെച്ചതിനാണ് കേസെടുത്തിരിക്കുന്നത്. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ കാര്‍പാര്‍ക്കിങ്ങിനു മുകളിലേക്കു വീണു പരുക്കേറ്റ സേലം സ്വദേശിനി കുമാരി(55)യുടെ നില ഗുരുതരമായി തുടരുകയാണ്. പോലീസ് അറിയിച്ചതിനെ തുടര്‍ന്ന് ഇവരുടെ ഭര്‍ത്താവെത്തി മൊഴി നല്‍കിയതിനു പിന്നാലെയാണ് പോലീസ് കേസെടുത്തതെന്ന് എറണാകുളം സെന്‍ട്രല്‍ എസിപി ലാല്‍ജി പറഞ്ഞു.
ലിങ്ക് ഹൊറൈസണ്‍ ഫ്ലാറ്റിന്റെ ആറാം നിലയിലെ താമസക്കാരനാണ് ഇംതിയാസ് അഹമ്മദ്. ഇവിടെ രാത്രി അടുക്കളയില്‍ ഉറങ്ങാന്‍ കിടന്ന കുമാരിയെ രാവിലെ താഴെ വീണു കിടക്കുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇദ്ദേഹം തന്നെയാണ് പോലീസിനെ വിവരം അറിയിച്ചത്.
ജനലില്‍ നിന്ന് താഴേയ്ക്ക് സാരി കെട്ടി തൂക്കിയിട്ടിരുന്നത് സംഭവത്തില്‍ ദുരൂഹത ഉയര്‍ത്തിയതോടെ പോലീസ് ഇദ്ദേഹത്തിന്റെ മൊഴിയെടുത്തിരുന്നു. പതിവിനു വിരുദ്ധമായി തലേദിവസം സംഭവങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന നിലപാടിലായിരുന്നു ഫ്ലാറ്റുടമ. എന്നാല്‍ ഇവര്‍ മനപ്പൂര്‍വം രക്ഷപെടുന്നതിനായി സാരികള്‍ കൂട്ടിക്കെട്ടി താഴെയിറങ്ങാന്‍ ശ്രമിക്കുകയായിരുന്നു എന്നാണ് ബോധ്യപ്പെടുന്നതെന്ന് പോലീസ് പറഞ്ഞിരുന്നു.
ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും കാര്യമായ പുരോഗതി ഉണ്ടാകാതിരുന്നതോടെ ഇവരുടെ മൊഴി രേഖപ്പെടുത്താന്‍ പോലീസിന് സാധിച്ചിരുന്നില്ല. അതുകൊണ്ടു തന്നെ കേസെടുത്തില്ലെന്നായിരുന്നു പോലീസ് നിലപാട്. ഇവര്‍ക്കെതിരെ ആത്മഹത്യാ ശ്രമത്തിന് കേസെടുക്കുമെന്നു ഒരു ഘട്ടത്തില്‍ സിഐ പറഞ്ഞെങ്കിലും പിന്നീട് അതു തിരുത്തി.
ഇതിനിടെ വീട്ടുടമയ്ക്കെതിരെ ആരോപണങ്ങള്‍ ശക്തമാകുകയും പോലീസിന്റെ സ്വാധീനം മൂലം കേസെടുക്കാത്തതാണ് എന്ന വിമര്‍ശനം സാമൂഹിക പ്രവര്‍ത്തകര്‍ ഉയര്‍ത്തുകയും ചെയ്തതോടെ ഇവരുടെ ബന്ധുക്കളെ കണ്ടെത്തി പോലീസ് തുടര്‍ നടപടി സ്വീകരിക്കുകയായിരുന്നു. കേസില്‍ വരും ദിവസങ്ങളില്‍ അന്വേഷണം ശക്തമാക്കുമെന്ന് പോലീസ് പറഞ്ഞു.