പത്തനംതിട്ട : കോവിഡ് രൂക്ഷമായ സാഹചര്യത്തിൽ ഇൻഡ്യയിൽ നിന്നുള്ള വിമാനങ്ങൾക്ക് യു.എ.ഇ ഉൾപ്പെടെയുള്ള ചില രാജ്യങ്ങൾ വിലക്ക് ഏർപ്പെടുത്തിയ സാഹചര്യം മുതലാക്കി യു.എ.ഇയിൽ നിന്നടക്കമുള്ള വിമാന യാത്രാ നിരക്ക് യാതൊരു നീതികരണവുമില്ലാതെ അതിഭീമമായി വർദ്ധിപ്പിച്ച വിമാനക്കമ്പനികളുടെ നടപടി പിൻവലിപ്പിക്കുവാൻ അടിയന്ത്രിര നടപടികൾ സ്വീകരിക്കണമെന്ന് കേരളാ പ്രദേശ് പ്രവാസി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം കേന്ദ്ര സർക്കാരിനോടും ബന്ധപ്പെട്ട വ്യോമയാന വകുപ്പ് അധികൃതരോടും ആവശ്യപ്പെട്ടു.
കോവിഡ്-19 മൂലം ഗൾഫ് ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ നിന്നും തൊഴിലും വരുമാനവും നഷ്ടപ്പെട്ട ആയിരക്കണക്കിന് പ്രവാസികൾ നാട്ടിൽ തിരികെ എത്തിയിരിക്കുകയാണ്. പ്രതികൂല സാഹചര്യത്തില്‍ ഇപ്പോഴും അവിടെ ജോലിയിൽ തുടരുന്നവരുണ്ട്. ഇവര്‍ക്കും ഇവരുടെ കുടുംബാംഗങ്ങൾക്കും നാട്ടിൽ എത്തുന്നതിനും നാട്ടിലുള്ളവർക്ക് തിരികെ ജോലി ചെയ്യുന്ന രാജ്യങ്ങളിലേക്ക് മടങ്ങിപ്പോകുന്നതിനും ഇപ്പോൾ വന്‍തുക ടിക്കറ്റിനുവേണ്ടി ചെലവഴിക്കേണ്ടി വരുന്നു. അഞ്ചും ആറും ഇരട്ടിയും അതിലധികവുമായി യാതൊരു നീതീകരണവുമില്ലാതെയാണ് വിമാന യാത്രാക്കൂലി കൂട്ടിയത്. ഈ പകല്‍ക്കൊള്ള അവസാനിപ്പിക്കുവാന്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് സാമുവല്‍ കിഴക്കുപുറം ആവശ്യപ്പെട്ടു.
യു.എ.ഇ അടക്കമുള്ള രാജ്യങ്ങളിൽ നിന്ന് നാട്ടിലേക്ക് മടങ്ങുവാൻ അനുഭപ്പെടുന്ന യാത്രാ തിരക്ക് പരിഗണിച്ച് എയർ ഇൻഡ്യയും എയർ ഇൻഡ്യ എക്സ് പ്രസും കൂടുതല്‍ സര്‍വ്വീസുകള്‍ ആരംഭിക്കണം. ചാർട്ടേഡ് വിമാനങ്ങൾക്ക് അനുമതി നല്‍കുകയും അധിക സര്‍വീസുകള്‍ നടത്താന്‍ സ്വകാര്യ വിമാനകമ്പിനികളോട് സര്‍ക്കാര്‍ ആവശ്യപ്പെടുകയും വേണം. ഇത് സംബന്ധിച്ച നിവേദനം കേന്ദ്ര വ്യോമയാന, വിദേശകാര്യ വകുപ്പ് മന്ത്രിമാർക്ക് സാമുവല്‍ കിഴക്കുപുറം നല്‍കി.
അമിതമായി വർദ്ധിപ്പിച്ച വിമാന യാത്രാ നിരക്ക് പിൻവലിക്കുവാൻ സംസ്ഥാന സർക്കാരും കേരളത്തിൽ നിന്നുള്ള ജനപ്രതിനിധികളും കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്തണമെന്നും പ്രവാസി കോൺഗ്രസ് ആവശ്യപ്പെട്ടു. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ പ്രവാസി ദ്രോഹ നടപടികൾക്കെതിരെ കേരളാ പ്രദേശ് പ്രവാസി കോൺഗ്രസിന്റെ നേതൃത്വത്തിൽ ശക്തമായ സമര പരിപാടികൾ ആരംഭിക്കുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം അറിയിച്ചു.