മഹാരാഷ്ട്ര : മഹാരാഷ്ട്രയില്‍ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 102 ആയി. ഗുജറാത്തില്‍ രക്ഷാ ദൗത്യത്തിനായി എന്‍.ഡി.ആര്‍.എഫിന്‍റെ കൂടുതല്‍ യൂണിറ്റുകള്‍ എത്തി. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും മഴ ജാഗ്രതാ മുന്നറിയിപ്പുണ്ട്.
ഗുജറാത്തിലെ നവ്സാരി, വത്സാഡ് ജില്ലകളെ പ്രളയം രൂക്ഷമായി ബാധിച്ചിരിക്കുകയാണ്. ശക്തമായ കാറ്റിനും ഇടിമിന്നലിനും ഗുജറാത്തില്‍ സാധ്യത ഉണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. സേനാ വിഭാഗങ്ങളുടെ ഹെലികോപ്റ്ററുള്‍പ്പടെ രക്ഷാ ദൗത്യത്തില്‍ പങ്കെടുക്കുന്നുണ്ട്.
കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഗുജറാത്തിലെ തെക്കന്‍ ജില്ലകളിലും സൗരാഷ്ട്രയിലും കൂടുതല്‍ പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാകാനുള്ള സാധ്യത ഉണ്ട്. ജാഗ്രതാ നിര്‍ദ്ദേശത്തിന്‍റെ ഭാഗമായി ദേശീയ ദുരന്ത നിവാരണ സേനയുടെ കൂടുതല്‍ യൂണിറ്റുകള്‍ ഗുജറാത്തില്‍ എത്തി. മഹാരാഷ്ട്രയിലെ നാസിക്, നന്ദുര്‍ബാര്‍, ബുല്‍ധാന ജില്ലകളിലാണ് ഇന്നലെ മൂന്ന് മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തത്.