പത്തനംതിട്ട : അച്ചന്‍കോവിലാറ്റിലെ ജലനിരപ്പ്‌താഴ്ന്നു തുടങ്ങി. കനത്ത മഴയെ തുടര്‍ന്ന് ഇന്നലെ രാവിലെ മുതലാണ് ആറ്റില്‍ ജലനിരപ്പ് ഉയര്‍ന്നുതുടങ്ങിയത്. വൈകുന്നേരത്തോടെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയിരുന്നു.
രാത്രി 10 മണിവരെ ജലനിരപ്പ് ഉയര്‍ന്നുകൊണ്ടിരുന്നത് തീരദേശത്ത് താമസിക്കുന്നവരെയും വ്യാപാരികളെയും ഒരുപോലെ ഭീതിയിലാക്കി. രണ്ടുമണിക്കൂറോളം മാറ്റമില്ലാതെ തുടര്‍ന്ന ജലനിരപ്പ് രാത്രി 12 മണിക്കുശേഷം താഴ്ന്നു തുടങ്ങി. ഇന്ന് രാവിലെയോടെ ജലനിരപ്പ് എട്ട് അടിയോളം കുറഞ്ഞിട്ടുണ്ട്. വെള്ളം കയറിയതിനെ തുടര്‍ന്ന് ഗതാഗതം പൂര്‍ണ്ണമായി തടസ്സപ്പെട്ട കുമ്പഴ – വെട്ടൂര്‍ – അട്ടച്ചാക്കല്‍ -കോന്നി റോഡില്‍ ഗതാഗതം പുനരാരംഭിച്ചു. ശാങ്കൂര്‍ മുക്ക് ഭാഗത്ത് റോഡില്‍ കഷ്ടിച്ച് അരയടി വെള്ളം മാത്രമേയുള്ളൂ. പമ്പാ നദിയിലെ ജലനിരപ്പും ആറടിയിലേറെ താഴ്ന്നു കഴിഞ്ഞു. പത്തനംതിട്ടയില്‍ പൊതുവേ കാലാവസ്ഥക്ക് മാറ്റവും പ്രകടമായിത്തുടങ്ങി.