കാഠ്മണ്ഡു: നദിയിലൂടെ ഇരച്ചെത്തിയ പ്രളയജലം, സെക്കൻഡുകൾ കൊണ്ട് തകർന്നുവീണ കെട്ടിടങ്ങൾ, ഒലിച്ചുപോയ വാഹനങ്ങളും പാലങ്ങളും റോഡുകളും. മിന്നൽപ്രളയത്തിൽ വിറങ്ങലിച്ചിരിക്കുകയാണ് നേപ്പാൾ. ടിബറ്റൻ അതിർത്തിയിൽനിന്നുള്ള ഭോട്ടെ കോഷി നദിയിലുണ്ടായ മിന്നൽപ്രളയം നേപ്പാളിലെ വിവിധ ഗ്രാമങ്ങളിൽ വൻനാശനഷ്ടമാണ് വിതച്ചത്. ഏറ്റവും ഒടുവിലത്തെ റിപ്പോർട്ടുകളനുസരിച്ച് 157 പേർ ദുരന്തത്തിൽ മരിച്ചതായാണ് വിവരം. 750-ഓളം പേരെ കാണാതായിട്ടുണ്ട്. ഇതിൽ 133 ഇന്ത്യക്കാരുമുണ്ട്. ബുധനാഴ്ച രാവിലെ ഒൻപതുമണിയോടെയാണ് നേപ്പാളിനെ നടുക്കിയ പ്രളയദുരന്തമുണ്ടായത്. ടിബറ്റിൽനിന്നുള്ള ഭോട്ടെ കോഷി നദിയിൽ അപ്രതീക്ഷിതമായി ജലനിരപ്പുയർന്നു. ഇരച്ചെത്തിയ വെള്ളം രസുവ, ധാദിങ്, നുവാകോട്ട് ജില്ലകളിൽ വൻനാശനഷ്ടമാണുണ്ടാക്കിയത്. അപകടത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
നദിയിലൂടെ പ്രളയജലം ഇരച്ചെത്തിയതോടെ നിരവധി കെട്ടിടങ്ങളും വീടുകളും നിമിഷങ്ങൾക്കുള്ളിൽ നിലംപൊത്തി. ബസുകളടക്കമുള്ള നിരവധി വാഹനങ്ങൾ ഒലിച്ചുപോയി. പ്രാണരക്ഷാർഥം പലരും ഓടിരക്ഷപ്പെട്ടു. പക്ഷേ, മിന്നൽപ്രളയത്തിൽ നിരവധിപേർക്ക് ജീവൻ നഷ്ടമായി. പ്രളയദുരന്തം നേപ്പാളിലെ വൈദ്യുതിവിതരണത്തെയും ബാധിച്ചു. വിവിധ ജലവൈദ്യുത പദ്ധതികളടക്കം 430 മെഗാവാട്ട് ഉത്പാദനശേഷിയുള്ള പവർസ്റ്റേഷനുകൾ പ്രളയത്തിൽ തകർന്നതായാണ് റിപ്പോർട്ട്. ഇതോടെ രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും വൈദ്യുതിവിതരണം തടസപ്പെട്ടു.































