മല്ലപ്പള്ളി : മണിമലയാർ കരകവിഞ്ഞൊഴുകിയതിനെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ താലൂക്കിൽ 1632 വീടുകളിൽ വെള്ളം കയറി 12.78 കോടി രൂപയുടെ നാശനഷ്ടമുണ്ടായി. ഏറ്റവും കൂടുതൽ നാശനഷ്ടം കോട്ടാങ്ങൽ പഞ്ചായത്തിലാണ്. റവന്യൂ വകുപ്പിന്റെ പ്രാഥമിക കണക്ക് പ്രകാരമാണ് ഈ നഷ്ടം. കൃഷി, മൃഗസംരക്ഷണം, ഡയറി ഡവലപ്മെന്റ്, പൊതുമരാമത്ത് വകുപ്പുകളുടെ നഷ്ടം തിട്ടപ്പെടുത്തിയിട്ടില്ല. കണക്ക് പൂർത്തിയാകുമ്പോൾ നഷ്ടത്തിന്റെ കണക്ക് ഇനിയും ഉയരും.
കോട്ടാങ്ങൽ പഞ്ചായത്തിൽ 466 വീടുകളിൽ വെള്ളം കയറിയതിൽ 128 വീടുകളിൽ നാശനഷ്ടം മൂന്ന് കോടി 61 ലക്ഷം രൂപയാണ്. കല്ലൂപ്പാറ പഞ്ചായത്തിൽ 380 വീടുകളിൽ വെള്ളം കയറി 89 വീടുകൾക്ക് നാശനഷ്ടം 2.79 കോടി രൂപയും , പുറമറ്റം പഞ്ചായത്തിൽ 281 വീടുകളിൽ വെള്ളം കയറി 35 വീടുകൾക്ക് നാശനഷ്ടം 1,75 കോടി രുപയും, മല്ലപ്പള്ളി പഞ്ചായത്തിൽ 323 വീടുകളിൽ വെള്ളം കയറി 130 വീടുകൾക്ക് നാശനഷ്ടം 2,91, കോടി രുപയും ആനിക്കാട് പഞ്ചായത്തിൽ 182 വീടുകളിൽ വെള്ളം കയറി 80 വീടുകൾക്ക് നാശനഷ്ടം 1,71 കോടി രൂപയുമാണ്.
കോട്ടാങ്ങൽ പഞ്ചായത്തിൽ കൃഷി നാശം സംഭവിച്ചത് 89, 83, 868 രൂപയും മൃഗസംരക്ഷണ മേഖലയിൽ 8 ലക്ഷം രൂപയും നഷ്ടം ഉണ്ടായിട്ടുണ്ട്. താലൂക്കിൽ വ്യാപാര മേഖലയിൽ ഉണ്ടായ നഷ്ടം ആറ് കോടിയിൽ ഏറെയാണ്. 355 വ്യാപാര സ്ഥാപനങ്ങളിൽ വെള്ളം കയറി നാശനഷ്ടം നേരിട്ടു. 13 റവന്യൂ സംഘമായാണ് പ്രാഥമിക കണക്ക് തയ്യാറാക്കിയത്. അഞ്ച് സംഘമാണ് കോട്ടാങ്ങലിൽ കണക്കെടുപ്പ് നടത്തിയത്. 395 പേരാണ് 18 ക്യാമ്പുകളിലായി കഴിഞ്ഞിരുന്നത്. 16 പേർ രണ്ട് ക്യാമ്പുകളിലായി ഇപ്പോഴും കഴിയുന്നു.