കോന്നി: ഓണത്തെ വരവേല്‍ക്കാന്‍ അരുവാപ്പുലം ഗ്രാമ പഞ്ചായത്തിന്റെയും അരുവാപ്പുലം കൃഷി ഭവന്റെയും നേതൃത്വത്തില്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും നടത്തിയ ബന്ദിപ്പൂ കൃഷി വലിയ വിജയം കൈവരിച്ചു. ഒരു ലക്ഷം രൂപ ചിലവില്‍ ആണ് ഓണക്കാലം ലക്ഷ്യമിട്ട് ബന്ദിപ്പൂ കൃഷി ഒരുക്കിയത്. ഗ്രാമ പഞ്ചായത്തിലെ 1, 14, 15 വാര്‍ഡുകളിലായി രണ്ട് ഏക്കറോളം സ്ഥലത്താണ് ബന്ദിപ്പൂ കൃഷി നടത്തിയത്. കുടുംബശ്രീ ഓക്‌സിലറി ഗ്രൂപ്പുകള്‍, കൃഷി കൂട്ടങ്ങള്‍ എന്നിവയുടെ നേതൃത്വത്തില്‍ മൂന്ന് പാടങ്ങളില്‍ ആണ് ബന്ദിപ്പൂ കൃഷി നടത്തിയത്. അരുവാപ്പുലം കൃഷി ഭവന്റെ നേതൃത്വത്തില്‍ മൂന്ന് മാസത്തിനുള്ളില്‍ വിളവെടുപ്പിന് പാകമാകുന്ന ഹൈബ്രീഡ് ഇനത്തില്‍ പെട്ട 12000 തൈകള്‍ ആണ് കൃഷി ചെയ്തത്.
ജൂണ്‍ മാസത്തില്‍ ആരംഭിച്ച കൃഷി ഇപ്പോള്‍ വിളവെടുപ്പിന് തയ്യാറായിരിക്കുകയാണ്. ചിങ്ങം പതിനെട്ടിന് കൃഷി വിളവ് എടുക്കാന്‍ ആണ് തീരുമാനം എന്നും കൃഷി ഓഫീസര്‍ നസീറ ബീഗം പറഞ്ഞു. ഓണക്കാലത്തെ വിളവെടുപ്പില്‍ 200 കിലോ ബന്ദിപ്പൂക്കള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിവിധ കോളേജുകളിലെയും സ്‌കൂളുകളിലെയും ഓണാഘോഷ പരിപാടികള്‍ക്കായി പൂക്കള്‍ വാങ്ങുന്നതിന് ഇപ്പോള്‍ തന്നെ സന്നദ്ധത അറിയിച്ചിട്ടുണ്ട്. പൂക്കള്‍ വാങ്ങുന്നതില്‍ ഉപരി നാട്ടില്‍ വിരിഞ്ഞ ബന്ദിപ്പൂ പാടം കാണാനും സെല്‍ഫി എടുത്ത് സമൂഹ മാധ്യമങ്ങളില്‍ പങ്ക് വെക്കുവാനും നിരവധി ആളുകളാണ് എത്തുന്നത്. ഇത്തരക്കാര്‍ക്ക് വേണ്ടി പൂ പാടത്ത് സെഫി പോയിന്റ് ഒരുക്കുന്നതിനും ബന്ധപ്പെട്ടവര്‍ തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം വകയാര്‍ കൊല്ലന്‍പടിയില്‍ ആയിരുന്നു ബന്ദിപ്പൂ പാടം ഒരുക്കിയിരുന്നത്. മൂന്ന് ഏക്കറോളം സ്ഥലത്ത് അന്ന് ചെയ്തിരുന്ന കൃഷി കാണുവാന്‍ പത്തനംതിട്ട ജില്ലാ കലക്റ്റര്‍ ഡോ ദിവ്യ എസ് അയ്യരും എത്തിയിരുന്നത് ഏറെ ജന ശ്രദ്ധ നേടിയിരുന്നു.