ആലപ്പുഴ : ലൈഫ് പദ്ധതി പ്രകാരം വീട് വെയ്ക്കാന്‍ അനുമതി ലഭിച്ചിട്ടും ജാതിയുടെ പേരില്‍ വീട് വെയ്ക്കാനാവാതെ വലഞ്ഞ് ആലപ്പുഴ പല്ലനയിലെ പട്ടിക ജാതി കുടുംബം. പട്ടിക ജാതിക്കാരെ ഇവിടെ വീട് വെയ്ക്കാന്‍ അനുവദിക്കില്ലെന്ന സമീപവാസികളുടെ വാശിയുടെ പ്രശ്നങ്ങള്‍ ഉടെലെടുക്കുന്നത്.
പക്ഷാഘാതം വന്ന് തളര്‍ന്ന് കിടപ്പിലായ ഭര്‍ത്താവിനും രണ്ട് മക്കള്‍ക്കുമൊപ്പം ഷീറ്റുപയോഗിച്ച് നിര്‍മ്മിച്ച ഷെഡിലാണ് ചിത്രയും കുടുംബവും താമസിക്കുന്നത്. 14 വര്‍ഷത്തോളം വാടക വീടുകളില്‍ കഴിഞ്ഞ ഇവര്‍ക്ക് പട്ടിക ജാതി വകുപ്പിന്റെ പുനരധിവാസ പാക്കേജിലൂടെ കഴിഞ്ഞ വര്‍ഷം അഞ്ച് സെന്റ് സ്ഥലവും വീട് നിര്‍മ്മിക്കാനുള്ള അനുമതിയും ലഭിച്ചിരുന്നു. എന്നാല്‍, ഭൂമി ലഭിച്ച് എട്ട് മാസം കഴിഞ്ഞിട്ടും തറക്കല്ല് പോലും ഇടാന്‍ ഇവര്‍ക്കായില്ല.
വീട് പണിക്ക് മെറ്റലും സിമന്റ് കട്ടയും കൊണ്ട് വന്ന വണ്ടി സമീപത്തെ വീട്ടുകാര്‍ തടഞ്ഞു. വണ്ടി കത്തിക്കുമെന്ന ഭീഷണിയെത്തുടര്‍ന്ന് വണ്ടിക്കാര്‍ വഴിയരികില്‍ സാധനമിറക്കി പോയി. വിഷയത്തില്‍ പോലീസില്‍ പരാതി നല്‍കിയിട്ടും നടപടികളെന്നും ഉണ്ടായില്ല. പഞ്ചായത്ത് റോഡിലൂടെ ഗ്യാസ് സിലിണ്ടര്‍ കൊണ്ടു പോവാന്‍ പോലും ഇവരെ അനുവദിക്കുന്നില്ല. കിടപ്പിലായ ഭര്‍ത്താവിന് ആംബുലന്‍സ് ആവശ്യം വന്നാല്‍ അത് പോലും സമീപ വാസികള്‍ കടത്തി വിടില്ലെന്നും ചിത്ര പറഞ്ഞു.