പത്തനംതിട്ട : സ്റ്റുഡന്റ് പോലീസ് കേഡറ്റ്(എസ് പി സി )പദ്ധതിയുടെ 13-ാം ജന്മദിനത്തിൽ – (ഓഗസ്റ്റ് 2) പത്തനംതിട്ട ജനറൽ ആശുപത്രിയിൽ രോഗികൾക്കും മറ്റും പ്രഭാത ഭക്ഷണം വിതരണം നടത്തി. ജില്ലാ പോലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജൻ ഐ പി എസ്സിന്റെ നിർദേശപ്രകാരം എസ് പി സി ജില്ലാ നോഡൽ ഓഫീസറും നാർകോട്ടിക് സെൽ ഡി വൈ എസ് പി യുമായ കെ എ വിദ്യാധരന്റെ മേൽനോട്ടത്തിലാണ് ഭക്ഷണപ്പൊതികൾ വിതരണം ചെയ്തത്. അസിസ്റ്റന്റ് നോഡൽ ഓഫീസർ എസ് ഐ സുരേഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.
2010 ആഗസ്റ്റ് രണ്ടിനാണ് ഈ പദ്ധതി നിലവിൽ വന്നത്.
പൗരബോധം, നിയമ ബോധം, ലക്ഷ്യബോധം, നിരീക്ഷണ പാടവം, നേതൃത്വശേഷി, നിസ്വാർത്ഥത, പ്രകൃതി സ്നേഹം, സഹജീവി സ്നേഹം, ദുരന്ത ഘട്ടങ്ങളിൽ ഉണർന്നു പ്രവർത്തിക്കാനുള്ള സന്നദ്ധത, തുടങ്ങിയ മൂല്യങ്ങൾ വളർത്തി വിദ്യാഭ്യാസത്തോടൊപ്പം സാമൂഹ്യ പ്രതിബദ്ധതയോടെ പ്രവർത്തിക്കുന്ന ഒരു പുതു ജനതയെ സൃഷ്ടിക്കുക തുടങ്ങിയ പ്രധാന ലക്ഷ്യങ്ങളോടെയാണ് സംസ്ഥാനത്ത് എസ് പി സി ആരംഭിച്ചത്. പോലീസ്, വിദ്യാഭ്യാസ വകുപ്പുകൾ ചേർന്ന് എക്സൈസ്, ഗതാഗതം, വനം, തദ്ദേശ സ്വയംഭരണം, ഫയർഫോഴ്സ്, ആരോഗ്യം തുടങ്ങിയ വകുപ്പുകളുടെ കൂടി സഹകരണത്തോടെ പദ്ധതി വിജയകരമായി നടന്നുവരുകയാണ്.
ജില്ലയിലെ 37 സ്കൂളുകളിൽ ഉൾപ്പെടെ സംസ്ഥാനത്ത് 1000 സ്കൂളുകളിൽ എസ് പി സി പ്രവർത്തിക്കുന്നു.
കേന്ദ്ര ഗവണ്മെന്റും വിവിധ സംസ്ഥാനങ്ങളും പദ്ധതി നടപ്പാക്കുന്നുണ്ട്. കൂടാതെ മറ്റ് ചില രാജ്യങ്ങളും പദ്ധതി നടപ്പാക്കിയിട്ടുണ്ട്. കോവിഡിന്റെ തീവ്രതയിലും കഴിഞ്ഞ വർഷങ്ങളിൽ പാവപ്പെട്ടവർക്ക് ഒരു നേരത്തെ ആഹാരം എത്തിക്കുക എന്ന ലക്ഷ്യത്തോടെ “ഒരു വയറൂട്ടാം” പദ്ധതി, രക്തദാനം മഹാദാനം – ജീവധാര, ടി വി ചലഞ്ച്, വിവിധ മേഖലകളിൽ പ്രശസ്തരായ വ്യക്തികളെയും അറിവിന്റെ പടവുകൾ താണ്ടി ജീവിത വിജയം നേടിയ വിദ്യാർത്ഥികളുൾപ്പെടെ പങ്കെടുപ്പിച്ചു കൊണ്ട് എല്ലാ ആഴ്ചയിലും കേഡറ്റുകൾക്കും മറ്റ് വിദ്യാർത്ഥികൾക്കും ഓൺലൈനായി നടത്തിയിട്ടുള്ള പോസ് പോസ്, (പോസിറ്റിവിറ്റി ആൻഡ് പോസ്സിബിലിറ്റീസ് ) പടവുകൾ, എന്നീ പ്രോഗ്രാമുകളും എസ് പി സിയുടെ വിജയപദ്ധതികളാണ്.
താഴെ തട്ടിലുള്ള ആശുപത്രി ശുചീകരണതൊഴിലാളികൾ, ശ്മശാന സൂക്ഷിപ്പുകാർ , ആoബുലൻസ് ഡ്രൈവർമാർ തുടങ്ങിയ കോവിഡ് പോരാളികളെ ,ആദരിക്കുന്ന ‘സാദരം ‘ പ്രോഗ്രാം, കോവിഡ് കാലത്ത് വീട്ടിൽ കഴിഞ്ഞുവന്നകുട്ടികൾക്കുണ്ടായ മാനസിക ബുദ്ധിമുട്ടുകൾ പരിഹരിച്ച്, മാനസികോല്ലാസം നൽകുന്ന ‘ചിരി പദ്ധതി ‘, വിദ്യാഭ്യാസം പാതി വഴിയിൽ ഉപേക്ഷിച്ചവരെയും പത്താം ക്ലാസ്സ് പ്ലസ് ടു പരീക്ഷകൾ തോറ്റവരെയും കണ്ടെത്തി വിജയത്തിലേക്ക് എത്തിക്കുന്ന ‘ഹോപ് പദ്ധതി’ തുടങ്ങി നിരവധി പരിപാടികളാണ് എസ് പി സിയിലൂടെ നടപ്പാക്കിവരുന്നത്.
ഏറ്റവും നൂതനമായ ആശയങ്ങളിലൂടെ ആക്ടിവിറ്റി കലണ്ടർ പ്രകാരം അച്ചടക്കത്തോടെയും ചിട്ടയായ കായിക, – ബൗദ്ധിക പരിശീലനത്തിലൂടെയും ഉത്തമ പൗരന്മാരായി കുട്ടികളെ പരിവർത്തിപ്പിച്ച് രാഷ്ട്ര നിർമ്മാണ പ്രക്രിയയിൽ പങ്കാളികളാവുക എന്ന ആത്യന്തികലക്ഷ്യത്തോടെ വിജയകരമായി മുന്നേറുകയാണ് എസ് പി സി പദ്ധതി.
മദ്യ മയക്കുമരുന്നുകൾ, ഇന്റർനെറ്റ് ദുരുപയോഗം തുടങ്ങിയ അടിമത്ത മനോഭാവങ്ങളിൽ നിന്നും പുതു തലമുറകളെ സുരക്ഷിതരാക്കി മികച്ച സമൂഹം സൃഷ്ടിക്കാൻ ക്രിയാത്മകമായ വിവിധ പരിപാടികൾ നടപ്പാക്കുന്ന ഈ പദ്ധതിയിൽ കേഡറ്റുകളും മുൻ കേഡറ്റുകളും അവരുടെ രക്ഷകർത്താക്കളും അധ്യാപകരുമൊക്കെ അവരുടേതായ പങ്ക് വഹിക്കുന്നു. ഈ അവസരത്തിൽ ജില്ലാ പോലീസ് മേധാവി ആശംസകൾ നേരുകയും ചെയ്തു.