തിരുവല്ല: തിരുവല്ലാ ശ്രീവല്ലഭ മഹാക്ഷേത്രത്തിലെ ഉച്ചപ്പൂജാ നിവേദ്യത്തിനു ക്ഷേത്ര ദർശനത്തിനെത്തുന്ന ഭക്തജനങ്ങൾക്ക് കഴിഞ്ഞ ഇരുപത്തിമൂന്നു വർഷമായി ശ്രീവല്ലഭേശ്വര അന്നദാന സമിതി നടത്തിവരുന്ന അന്നദാനം നിർത്തലാക്കുന്നു എന്ന് സമിതി അറിയിച്ചു. 2005 ലാണ് ശ്രീവല്ലഭേശ്വര അന്നദാന സമിതി അന്നദാനം ആരംഭിച്ചത്. ക്ഷേത്രവളപ്പിൽ കാടുപിടിച്ചുകിടന്ന സ്ഥലത്തു തുളസിയും വാഴയും ഫലവൃക്ഷങ്ങളും വെച്ചുപിടിപ്പിക്കുന്നതിനു് ദേവഹരിതം പദ്ധതിയിലൂടെ അന്നദാന സമിതിക്കു കഴിഞ്ഞു. ദേവസ്വത്തിന്റെ അനുമതിയോടെ നിരവധി നവീകരണപ്രവൃത്തികളും അന്നദാന സമിതി ചെയ്തിരുന്നു.
അന്നദാന സമിതിയിലും ദേവഹരിതം പദ്ധതിയിലും പങ്കെടുത്തു പ്രവർത്തിച്ചവർ ഉൾപ്പെട്ട അഡ്‌ഹോക്ക് കമ്മിറ്റി ക്ഷേത്രത്തിലെ ഉപദേവതാ സങ്കേതങ്ങളായ മഹാഗണപതി, ശ്രീ ധർമശാസ്താവ് ശ്രീകോവിലുകൾ ജീർണോധാരണം നടത്തി പുനഃപ്രതിഷ്ഠ നടത്തുകയും ജലവന്തിമാളിക നവീകരിക്കുകയും മറ്റു വികസന പ്രവർത്തനങ്ങൾ ചെയ്യുകയുമുണ്ടായി. അന്നദാനസമിതിയുടെ സൗജന്യ അന്നദാനം തടസ്സപ്പെടുത്താനും പ്രവർത്തകരെ ഭീഷണിപ്പെടുത്തി ഉപദ്രവിക്കുവാനും ചിലർ നിരന്തരം ശ്രമിക്കുന്നു. തിരുവിതാംകുർ ദേവസ്വം ബോർഡിൽ വ്യാജപരാതികൾ പല തവണ നൽകുകയും വിതരണം ചെയ്യാനുള്ള പ്രസാദത്തിലും ഭക്ഷണത്തിലും മറ്റു വസ്തുക്കൾ കലർത്തുകയും ചെയ്യുന്നു.
അന്നദാനത്തിന്റെ പാചകപ്പുരയുടെ പൂട്ടു തല്ലിപ്പൊളിക്കുക, ജലമെടുക്കുന്ന മോട്ടോർ നിരവധി തവണ തല്ലിത്തകർത്തു കേടാക്കുക, വാട്ടർ ടാങ്കിൽ മലിന വസ്തുക്കൾ വാരിയിട്ടു് ജലം ഉപയോഗശൂന്യമാക്കുക തുടങ്ങിയ പ്രവൃത്തികൾ നിരന്തരമായി ചെയ്യുന്നു. ഈ വിവരങ്ങൾ കാണിച്ചു് നിയമപരമായുള്ള പരാതികൾ അന്നദാന സമിതി നൽകിയിട്ടുണ്ട്. അന്നദാന സമിതിക്കെതിരെ കേരള ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്ത് നിയമപരമായി അന്നദാനം തടസ്സപ്പെടുത്തുവാൻ ശ്രമിച്ചെങ്കിലും സൗജന്യ അന്നദാനം എന്ന പുണ്യപ്രവൃത്തി ഹൈക്കോടതി അംഗീകരിക്കുകയും അന്നദാനം നിർബാധം തുടരാൻ അനുവദിക്കുകയും ചെയ്തു.
ഇപ്പോഴത്തെ രീതിയിൽ സമാധാനപരമായി അന്നദാനം തുടർന്നു നടത്തുവാൻ കഴിയില്ല എന്ന് അന്നദാനസമിതിയുടെ ഭരണസമിതിയോഗങ്ങളിൽ തീരുമാനിച്ചതുപ്രകാരം ജൂലൈ ഒന്നാം തീയതി മുതൽ നിലവിലുള്ള രീതിയിൽ വിപുലമായ അന്നദാനം നടത്തിക്കൊണ്ടുപോകാന്‍ കഴിയാത്തതിനാല്‍ നിർത്തി വെയ്ക്കുകയാണെന്ന് പ്രസിഡന്റ് എൻ ശ്രീകുമാരപിള്ള, ജനറൽ സെക്രട്ടറി വി ശ്രീകുമാർ എന്നിവർ അറിയിച്ചു.