കോന്നി: കൈത്താങ്ങ് പദ്ധതിയുടെ ഭാഗമായി അരുവാപ്പുലം പഞ്ചായത്തിലെ കാട്ടാത്തി, കോട്ടാംപാറ എന്നീ പട്ടികവർഗ്ഗ കോളനികളിൽ കെ.യു. ജനീഷ് കുമാർ എം.എൽ.എയുടെയും, ഡി.എഫ്.ഒ ശ്യാം മോഹൻ ലാലിന്റെയും നേതൃത്വത്തിൽ ഭക്ഷണവും മരുന്നും എത്തിച്ചു.
കാട്ടാത്തി കോളനിയിൽ 32 കുടുംബങ്ങളും കോട്ടാംപാറ കോളനിയിൽ 17 കുടുംബങ്ങളുമാണ് താമസിക്കുന്നത്. കോവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി ലോക്ക് ഡൗൺ ഏർപ്പെടുത്തിയ ശേഷം ഈ കുടുംബങ്ങളിൽ ബുദ്ധിമുട്ട് അനുഭവപ്പെടുന്നതായി കോളനികൾ സന്ദർശിച്ച ആരോഗ്യ പ്രവർത്തകർ അറിയിച്ചതിനെ തുടർന്നാണ് എം.എൽ.എയുടെയും, ഡി.എഫ്.ഒ യുടെയും നേതൃത്വത്തിൽ സന്ദർശനം നടത്തിയത്.
പട്ടികവർഗ്ഗ വികസന വകുപ്പിന്‍റെ മൊബൈൽ മെഡിക്കൽ യൂണിറ്റിന്‍റെ ഭാഗമായി ഡോക്ടർ, ലബോറട്ടറി, മരുന്ന് തുടങ്ങിയ സൗകര്യങ്ങളും ഭക്ഷണ കിറ്റുമായി കൈതാങ്ങ് വോളന്റിയർമാരും സംഘത്തോടൊപ്പം ഉണ്ടായിരുന്നു.
അരുവാപ്പുലം പഞ്ചായത്തിലെ മൂന്നാം വാർഡിലെ കാട്ടാത്തി കോളനിയിലാണ് സംഘം ആദ്യം എത്തിയത്. കോളനി മൂപ്പൻ ദാസിന്‍റെ നേതൃത്വത്തിൽ കോളനി നിവാസികൾ എത്തി ഓരോരുത്തരായി വൈദ്യ പരിശോധനയ്ക്ക് വിധേയരായി. പരിശോധനകൾക്ക് ശേഷം ആവശ്യമുള്ളവർക്ക് മരുന്ന് നല്കുകയും 32 കുടുംബങ്ങൾക്കും കൈത്താങ്ങ് വോളന്റിയർമാർ ഭക്ഷണ കിറ്റ് നല്കുകയും ചെയ്തു.
തുടർന്ന് കൊക്കാത്തോട്ടിൽ നിന്നും പത്ത് കിലോമീറ്റർ അകലെ കോട്ടാംപാറ പട്ടികവർഗ്ഗ കോളനിയിൽ സംഘം എത്തി. കോളനി മൂപ്പത്തി സരോജനിയുടെ നേതൃത്വത്തിൽ കോളനി നിവാസികൾ എല്ലാവരും എത്തിച്ചേർന്നിരുന്നു. കോളനിയിലെ എല്ലാ കുട്ടികളെയും മെഡിക്കൽ സംഘം പ്രത്യേകമായി പരിശോധിച്ചു. കുട്ടികൾക്ക് കൂടുതൽ പരിചരണം ആവശ്യമെങ്കിൽ അതിനാവശ്യമായ ക്രമീകരണം ഏർപ്പെടുത്തണമെന്ന് എം.എൽ.എ നിർദ്ദേശിച്ചു. മുതിർന്നവരെയും പരിശോധിച്ച മെഡിക്കൽ സംഘം ആവശ്യമായ മരുന്നുകൾ നല്കി. കൈത്താങ്ങ് പദ്ധതിയുടെ ഭാഗമായി ഭക്ഷണ കിറ്റ് 17 കുടുംബങ്ങൾക്കും നല്കി.
കോവിഡിന്‍റെ പശ്ചാത്തലത്തിൽ ഓരോ കുടുംബത്തിന്റെയും ആരോഗ്യ, ഭക്ഷണ കാര്യങ്ങളിൽ പ്രത്യേക നിരീക്ഷണം വേണമെന്ന് എം.എൽ.എയും, ഡി.എഫ്.ഒയും ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നല്കി. യാത്രാവിലക്കുള്ളതിനാൽ അത്യാവശ്യങ്ങൾക്കു വനം വകുപ്പ് വാഹനങ്ങൾ നല്കണം. ആരോഗ്യ പരമായ ബുദ്ധിമുട്ടുകൾ എന്തെങ്കിലും ശ്രദ്ധയിൽ പെട്ടാൽ ഉടൻ തന്നെ ആശുപത്രിയിൽ അറിയിക്കുകയും ആവശ്യമായ സഹായങ്ങൾ നല്കുകയും ചെയ്യണം.
തുടർച്ചയായ മെഡിക്കൽ പരിശോധന പട്ടികവർഗ്ഗ വികസന വകുപ്പിന്‍റെ നേതൃത്വത്തിൽ നടത്തണമെന്നും എം.എൽ.എ നിർദ്ദേശിച്ചു. എം.എൽ.എ, ഡി.എഫ്.ഒ എന്നിവരെ കൂടാതെ പഞ്ചായത്തംഗം സൂസമ്മ ജേക്കബ്, ആയുഷ് കോന്നി താലൂക്ക് നോഡൽ ഓഫീസർ ഡോ: എബി ഏബ്രഹാം, പട്ടികവർഗ്ഗ വികസന വകുപ്പിലെ മൊബൈൽ മെഡിക്കൽ വിഭാഗത്തിലെ ഡോ: ലക്ഷ്മി.ആർ.പണിക്കർ, ഫോറസ്റ്റ് റേഞ്ച് ആഫീസർ ഫസലുദ്ദീൻ, മറ്റ് വനം വകുപ്പ് ഉദ്യോഗസ്ഥർ,കൈത്താങ്ങ് പദ്ധതി പ്രവർത്തകരായ ശിവൻകുട്ടി ,ജോജു എന്നിവരും ഉണ്ടായിരുന്നു.