അമ്പലപ്പുഴ : അമ്പലപ്പുഴ തെക്ക് പഞ്ചായത്തില്‍ ആരോഗ്യവകുപ്പിന്റെ പരിശോധന പ്രഹസനമാകുന്നു. തട്ടുകടയില്‍നിന്ന് വാങ്ങിയ ബീഫ് ഫ്രൈ കഴിച്ച വിദ്യാര്‍ഥിക്ക് ഭക്ഷ്യവിഷബാധ. കട അടച്ച് ഉടമ മുങ്ങി. അമ്പലപ്പുഴ കോമന അഴിയകത്ത് വീട്ടില്‍ ബാബുവിന്റ മകന്‍ അമലിനാണ് (18) ഭക്ഷ്യ വിഷബാധയേറ്റത്. അമ്പലപ്പുഴ ജങ്ഷന് തെക്ക് ഭാഗത്ത് ഫെഡറല്‍ ബാങ്ക് എ.ടി.എമ്മിന് സമീപത്തെ തട്ടുകടയില്‍നിന്നാണ് ശനിയാഴ്ച ബീഫ് ഫ്രൈ വാങ്ങിയത്.
ഇതു കഴിച്ച അമല്‍ ബാബുവിന് ഞായറാഴ്ച പുലര്‍ച്ച മുതല്‍ വയറിളക്കം തുടങ്ങി. ഞായറാഴ്ച നീറ്റ് പരീക്ഷയെഴുതാനിരിക്കെയാണ് അമലിന്റെ ആരോഗ്യനില മോശമായത്. അമ്പലപ്പുഴ അര്‍ബന്‍ ഹെല്‍ത്ത് ട്രെയിനിങ് സെന്‍ററില്‍ ചികിത്സ തേടി. വിവരമറിയിച്ചതിനെത്തുടര്‍ന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധനക്കായി എത്തിയെങ്കിലും കട അടച്ചിട്ടിരിക്കുകയായിരുന്നു.
കടയുടമയെ ഫോണ്‍ ചെയ്തപ്പോള്‍ സുഖമില്ലാതെ ആശുപത്രിയിലാണെന്ന മറുപടിയാണ് ലഭിച്ചത്. ആരോഗ്യവകുപ്പ് സൂചന നല്‍കിയതാണ് കട അടച്ചിട്ട് ഉടമ മുങ്ങാന്‍ കാരണമെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. ഈ കടയില്‍നിന്ന് ഭക്ഷണം കഴിച്ച പലര്‍ക്കും മുമ്പും ശാരീരിക അസ്വസ്ഥത ഉണ്ടായിട്ടുണ്ട്. അമ്പലപ്പുഴ തെക്ക് പഞ്ചായത്തിലെ ആരോഗ്യവിഭാഗത്തിനെതിരെ മുമ്പും ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുള്ളതാണ്. കോവിഡ് കാലത്ത് കൂട്ടത്തോടെ ടൂറിന് പോയത് വകുപ്പുതല അന്വക്ഷണത്തിന് വഴിയൊരുക്കിയിരുന്നു.