കൊച്ചി : ട്രെയിനിൽ വിദ്യാർഥികൾക്കു ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിൽ വിതരണക്കാർക്കെതിരെ നടപടിയുമായി ഐആർസിടിസി. ഡൽഹിയിൽ നിന്നു തൃശൂരിലേക്കു വന്ന സ്കൂൾ വിദ്യാർഥികൾക്കാണു മംഗള ട്രെയിനിൽ ഭക്ഷണം കഴിച്ച ശേഷം അസ്വസ്ഥതയുണ്ടായത്. ഭക്ഷണ വിതരണത്തിന്റെ കരാർ ഏറ്റെടുത്ത കമ്പനിക്ക് 5 ലക്ഷം രൂപ ഐആർസിടിസി പിഴ ചുമത്തി. സംഭവത്തിന്റെ ഗൗരവം പരിഗണിച്ചും പ്രാഥമിക അന്വേഷണത്തിൽ ലഭിച്ച കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലുമാണു നടപടി. മധ്യപ്രദേശിൽ വച്ചാണ് വിദ്യാർഥികൾക്ക് അസ്വസ്ഥത അനുഭവപ്പെട്ടതും ഛർദി ഉൾപ്പെടെ പ്രശ്നങ്ങളുണ്ടായതും.
ഖണ്ട്‌വാ സ്റ്റേഷനിൽ വിദ്യാർഥികൾക്ക് ആവശ്യമായ വൈദ്യസഹായം നൽകിയെന്ന് ഐആർസിടിസി വ്യക്തമാക്കി. 80ലേറെ വിദ്യാർഥികളുണ്ടായിരുന്നതിൽ 30 പേർക്കാണ് അസ്വസ്ഥതകളുണ്ടായത്. അതേ ഭക്ഷണ ബാച്ചിൽ നിന്നുള്ള ആഹാരം കഴിച്ച മറ്റുള്ളവരിൽ നിന്നു പരാതികൾ ലഭിച്ചില്ലെന്നും ഐആർസിടിസി അറിയിച്ചു. ഭക്ഷണത്തിന്റെ സാംപിൾ ശേഖരിച്ചത് അംഗീകൃത ലാബിൽ പരിശോധനയ്ക്കായി അയച്ചു.






























