ടെൽ അവീവ്: ഗാസയിൽ 4,00,000 ജനങ്ങൾ പട്ടിണിയിലാണെന്ന് യു.എൻ. ഗാസയുടെ വടക്കൻ മേഖലയിലുള്ളവർക്ക് സഹായം എത്തിക്കാൻ ശ്രമിക്കുന്നത് ഏറെ വെല്ലുവിളികൾ നിറഞ്ഞതാണെന്നും യു.എൻ മാനുഷികകാര്യ അണ്ടർ സെക്രട്ടറി ജനറലും എമർജൻസി റിലീഫ് കോർഡിനേറ്ററുമായ മാർട്ടിൻ ഗ്രിഫിത്ത് ഒരു അന്താരാഷ്ട്ര മാദ്ധ്യമത്തോട് വ്യക്തമാക്കി. വടക്കൻ ഗാസയിലേക്ക് അടിയന്തര വസ്തുക്കളുമായി പ്രവേശിക്കുന്നതിൽ നിന്ന് ഇസ്രയേൽ തങ്ങളെ തടഞ്ഞെന്ന് ഗ്രിഫിത്തിന്റെ ഓഫീസ് കഴിഞ്ഞ ആഴ്ച അറിയിച്ചിരുന്നു. എന്നാൽ യു.എന്നിന്റെ പാലസ്തീനിയൻ അഭയാർത്ഥി ഏജൻസി ആവശ്യമായ നടപടികൾ കൈക്കൊള്ളുന്നില്ലെന്നാണ് ഇസ്രയേലിന്റെ പക്ഷം.
വടക്കൻ ഗാസയിൽ നിന്ന് പലായനം ചെയ്ത് തെക്കൻ ഗാസയിലെത്തി അഭയാർത്ഥി ക്യാമ്പുകളിൽ കഴിയുന്നവരുടെ സ്ഥിതി വളരെ ദയനീയമാണ്. മതിയായ ഭക്ഷണമോ വെള്ളമോ ഇല്ലാതെ തിങ്ങിപ്പാർക്കുന്ന ഇവർ വിവിധ പകർച്ചവ്യാധി ഭീഷണിയും നേരിടുന്നു. ഇതുവരെ 24,280ലേറെ പാലസ്തീനികളാണ് ഗാസയിൽ കൊല്ലപ്പെട്ടത്. 61,000ത്തിലേറെ പേർക്ക് പരിക്കേറ്റു.