കോഴിക്കോട്: ലോക്സഭാ തിരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് ഒരു സീറ്റുകൂടി ചോദിക്കുമെങ്കിലും അതിനായി പിടിവാശികാണിച്ചേക്കില്ല. നിലവിലുള്ള മലപ്പുറം, പൊന്നാനി മണ്ഡലങ്ങള്‍ക്കുപുറമേ ഒരെണ്ണംകൂടി വേണമെന്ന് മുസ്ലിം ലീഗില്‍ നേരത്തേതന്നെ ആവശ്യമുയര്‍ന്നിരുന്നു. അതിലേറെ സീറ്റുകള്‍ക്ക് അര്‍ഹതയുണ്ടെന്ന് പാര്‍ട്ടി നേതൃയോഗങ്ങളിലെല്ലാം അഭിപ്രായവുമുയര്‍ന്നിരുന്നു.
അധികസീറ്റിനുള്ള അര്‍ഹത കോണ്‍ഗ്രസിനെ ബോധ്യപ്പെടുത്താനാവുന്നില്ലെന്നാണ് ലീഗിനകത്തെ വിമര്‍ശം. കൂടുതല്‍ സീറ്റിന് അര്‍ഹതയുണ്ടെന്ന അഭിപ്രായം പ്രധാന നേതാക്കളെല്ലാം പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തു. ഈ മാസം അവസാനത്തോടെ മുന്നണിയിലെ ഘടകകക്ഷികളുമായി കോണ്‍ഗ്രസ് ആദ്യഘട്ട ചര്‍ച്ചകളിലേക്ക് കടക്കും.