ഏതൊരാളുടേയും മൊത്തത്തിലുള്ള ആരോഗ്യത്തിനും ക്ഷേമത്തിനും ദൈനംദിന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ട സുപ്രധാന പോഷകങ്ങളില്‍ ഒന്നാണ് വിറ്റാമിന്‍ സി. ശരീരത്തിന്റെ വികാസത്തിനും ശരിയായ പ്രവര്‍ത്തനത്തിനും ആവശ്യമായ ഒരു പ്രധാന പോഷകമാണിത്. രോഗപ്രതിരോധ പ്രവര്‍ത്തനത്തില്‍ വിറ്റാമിന്‍ സി ഒരു പ്രധാന പങ്ക് വഹിക്കുന്നു എന്നാണ് ആരോഗ്യവിദഗ്ധരെല്ലാം പറയുന്നത്. ‘അസ്‌കോര്‍ബിക് ആസിഡ്’ എന്നും അറിയപ്പെടുന്ന വിറ്റാമിന്‍ സി വെള്ളത്തില്‍ ലയിക്കുന്ന വിറ്റാമിനാണ്. വിറ്റാമിന്‍ സി വെള്ളത്തില്‍ ലയിക്കുകയും ശരീരത്തിലെ കോശങ്ങളിലേക്ക് എത്തിക്കുകയും ചെയ്യുന്നെങ്കിലും നന്നായി സംഭരിക്കപ്പെടുന്നില്ല. അതിനാല്‍ ഇത് ദിവസവും ഭക്ഷണത്തിലൂടെ ശരീരത്തില്‍ എത്തിക്കണം.
ഓറഞ്ച് വിറ്റാമിന്‍ സിയാല്‍ സമ്പന്നമാണ് എന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമായിരിക്കാം. എന്നാല്‍ ഓറഞ്ചിനെക്കാള്‍ കൂടുതല്‍ വിറ്റാമിന്‍ സി അടങ്ങിയതും നിങ്ങളുടെ ദൈനംദിന ഭക്ഷണത്തില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തേണ്ടതുമായ മറ്റ് ചില പഴങ്ങള്‍ ഉണ്ട്. അവ ഏതൊക്കെയാണ് എന്ന് നോക്കാം. പേരക്ക ആരോഗ്യമുള്ള ശരീരത്തെ പ്രോത്സാഹിപ്പിക്കുന്ന വിറ്റാമിനുകള്‍, ധാതുക്കള്‍, നാരുകള്‍, പൊട്ടാസ്യം തുടങ്ങിയ വിവിധ പോഷകങ്ങളാല്‍ സമൃദ്ധമാണ് പേരക്ക. വിവിധ രോഗങ്ങളെ ചെറുക്കുകയും ശരീരത്തെ ആരോഗ്യത്തോടെ നിലനിര്‍ത്തുകയും ചെയ്യുന്ന വിറ്റാമിന്‍ സിയും മറ്റ് ആന്റിഓക്സിഡന്റുകളും ധാരാളം അടങ്ങിയിട്ടുള്ള ഒരു പഴമാണിത്. ഒരു പേരയ്ക്കയില്‍ പ്രതിദിനം ശുപാര്‍ശ ചെയ്യുന്ന വിറ്റാമിന്‍ സിയുടെ ഇരട്ടിയിലധികം അടങ്ങിയിട്ടുണ്ട് എന്നാണ് പറയുന്നത്.
കിവി കിവിഫ്രൂട്ട് അല്ലെങ്കില്‍ ചൈനീസ് നെല്ലിക്ക ഊര്‍ജസാന്ദ്രവും നാരുകളാല്‍ സമ്പുഷ്ടവുമായ പഴമാണ്. ഉയര്‍ന്ന ഫൈബറും കുറഞ്ഞ കലോറിയും ഉള്ളതിനാല്‍ കിവി അധിക ഭാരം കുറയ്ക്കാന്‍ അനുയോജ്യമായ ഭക്ഷണമാണ്. കിവി പഴത്തില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും ഹൃദ്രോഗ സാധ്യത കുറയ്ക്കാനും സഹായിക്കുന്നു. പ്രതിദിനം ശുപാര്‍ശ ചെയ്യുന്ന വിറ്റാമിന്‍ സിയുടെ ഏകദേശം 230% കിവി പഴത്തില്‍ അടങ്ങിയിട്ടുണ്ട്. സ്‌ട്രോബെറി ഏറെ രുചികരമാണ് എന്നതിലുപരി സുപ്രധാന പോഷകങ്ങളാല്‍ സമൃദ്ധമാണ് സ്‌ട്രോബറി. ഇത് നിങ്ങളുടെ ദൈനംദിന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഏറെ ഉത്തമമായിരിക്കും. സ്ട്രോബെറി പതിവായി കഴിക്കുന്നത് തലച്ചോറിന്റെ പ്രവര്‍ത്തനം വര്‍ധിപ്പിക്കാനും രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്താനും ഹൃദയാരോഗ്യം സംരക്ഷിക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായിക്കും.
പപ്പായ സമൃദ്ധമായ ആരോഗ്യ ഗുണങ്ങള്‍ വാഗ്ദാനം ചെയ്യുന്ന വളരെ ആരോഗ്യകരമായ പഴമാണ് പപ്പായ. ഇതില്‍ ധാരാളം വിറ്റാമിന്‍ എ, സി, ഇ, ആന്റിഓക്സിഡന്റുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്, ഇത് ഹൃദ്രോഗ സാധ്യത കുറയ്ക്കുകയും ദഹന പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുകയും ശരീരത്തിലെ വീക്കം കുറയ്ക്കുകയും ചെയ്യുന്നു എന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. പൈനാപ്പിള്‍ പൈനാപ്പിളില്‍ സുപ്രധാന പോഷകങ്ങളും രോഗങ്ങളെ ചെറുക്കുന്ന ആന്റിഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഇത് ദഹനത്തെ സഹായിക്കുകയും വിട്ടുമാറാത്ത നിരവധി രോഗങ്ങളുടെ സാധ്യത കുറയ്ക്കുകയും പ്രതിരോധശേഷി വര്‍ധിപ്പിക്കുകയും വീക്കം ഇല്ലാതാക്കുകയും ചെയ്യും.