പത്തനംതിട്ട : കേരളത്തില്‍ സര്‍വത്ര മായമാണ്. ആഹാരസാധനങ്ങളില്‍ വന്‍തോതില്‍ മായം ചേര്‍ക്കുന്നു. ജനങ്ങളെ മാരകരോഗങ്ങള്‍ക്ക് അടിമയാക്കുന്ന ഈ നടപടി അവസാനിപ്പിക്കുവാന്‍ ഭക്ഷ്യസുരക്ഷാ വകുപ്പും വേണ്ടത്ര ശുഷ്കാന്തി കാണിക്കുന്നില്ല. വഴിപാട് പോലെ നടത്തുന്ന പരിശോധനയും വാര്‍ത്താ മാധ്യമങ്ങളിലെ തള്ളലും മാത്രമാണ് നടക്കുന്നത്. മിക്ക ഹോട്ടലുകളിലെയും ആഹാരത്തെക്കുറിച്ച് പരാതികള്‍ ഏറെയാണ്. ജനങ്ങള്‍ക്ക് ചിക്കന്‍ വിഭവങ്ങളോടാണ് പ്രിയം, അതുകൊണ്ടുതന്നെ ചിക്കന്‍ വറുത്തും പൊരിച്ചും കളര്‍ മാറ്റിയും പലപേരുകളില്‍ ഇന്ന് ലഭ്യമാണ്. ഇത് പാകം ചെയ്യുമ്പോള്‍ ഉപയോഗിക്കുന്ന പല വസ്തുക്കളും ഇത് കഴിക്കുന്നവര്‍ക്ക് മാരകരോഗങ്ങള്‍ നല്‍കുന്നവയാണ്.
വിപണിയില്‍ വിറ്റഴിക്കുന്ന പാലിലും മായം ഏറെയാണ്. കൃത്രിമമായി നിര്‍മ്മിക്കുന്നതും രാസവസ്തുക്കള്‍ ചേര്‍ത്ത് അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് കൊണ്ടുവരുന്നതും ഇവിടെ നിര്‍ബാധം വിറ്റഴിക്കുന്നു. വല്ലപ്പോഴും നടത്തുന്ന പരിശോധനകള്‍ വെറും പ്രഹസനമാകുകയാണ്. ഗുണനിലവാരത്തില്‍ മുമ്പില്‍ നില്‍ക്കുന്ന മില്‍മയുടെ പേരിനോടും പാക്കിങ്ങിനോടും ഏറെ സാമ്യമുള്ള പാലും ഇവിടെ അധികൃതരുടെ മൂക്കിനുതാഴെ വിറ്റഴിക്കുന്നു. മില്‍മ പാല്‍ ആവശ്യപ്പെടുന്നവര്‍ക്ക് കടക്കാരന്‍ നല്‍കുന്നത് ഈ ജാരസന്തതിയെയാണ്. ഇതൊക്കെ അറിഞ്ഞിട്ടും ഒരു ചെറുവിരല്‍പോലും അനക്കുവാന്‍ മില്‍മക്കും സര്‍ക്കാരിനും ആയിട്ടില്ല.
വഴിയോരത്തെ ചില തട്ടുകടകളില്‍ ഉപയോഗിക്കുന്നത് പാല് പോലെ തോന്നുന്ന എന്തോ ആണെന്നും പരാതി പറയുന്നു. ഇതുപയോഗിച്ച് കൂടുതല്‍ ചായ എടുക്കാമെന്നത് തട്ടുകടക്കാരെ ഇതിലേക്ക് ആകര്‍ഷിക്കുന്നു. ഇതിന് കൊഴുപ്പും കൂടുതലാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളോ ഭക്ഷ്യസുരക്ഷാ വകുപ്പോ തട്ടുകടകളില്‍ പരിശോധന നടത്തുവാന്‍ താല്‍പ്പര്യപ്പെടാറില്ല. വര്‍ഷങ്ങളായി തമിഴ്‌നാട്ടില്‍ നിന്നും പാല്‍ കൊണ്ടുവന്നാണ് പന്തളത്തെ ഫാം പ്രവര്‍ത്തിച്ചു കൊണ്ടിരുന്നത്. പേരിന് ഒരു ഫാം ഇവിടെ ഉണ്ടെങ്കിലും വില്‍പ്പന നടത്തുന്നത് പുറത്തുനിന്നും കൊണ്ടുവരുന്ന പാലാണ്. ഇക്കാര്യങ്ങള്‍ വര്‍ഷങ്ങളായി വ്യക്തമായി അറിയാവുന്നവരാണ് ഇവിടുത്തെ ഉദ്യോഗസ്ഥര്‍. എന്നിട്ടും കാര്യമായ പരിശോധനകള്‍ ഇത്രനാളും ഇവിടെ നടന്നിട്ടില്ല എന്നത് ആരെയും അത്ഭുതപ്പെടുത്തും.
ഇപ്പോള്‍ പാലും ഹോട്ടല്‍ ഭക്ഷണവുമൊക്കെയാണ് താരമെങ്കില്‍ കുറച്ചുനാള്‍ മുമ്പ് മല്‍സ്യത്തിലെ മായമായിരുന്നു വിഷയം. ഊണും ഉറക്കവും ഇല്ലാതെയായിരുന്നു പരിശോധന, മായം ചേര്‍ന്ന മത്സ്യം ടണ്‍ കണക്കിന് പിടിച്ചെടുത്ത് നശിപ്പിക്കുന്നത് മലയാളികള്‍ പുളകത്തോടെ കണ്ടു. അന്ന് ഉദ്യോഗസ്ഥരുടെ ശുഷ്ക്കാന്തി കണ്ട് മലയാളികള്‍ അഭിമാനിച്ചു. എന്നാല്‍ ഇപ്പോള്‍ മത്സ്യത്തിലെ മാരക വിഷങ്ങള്‍ക്കെതിരെ ഒരു പരിശോധനയും നടക്കുന്നില്ല. മത്സ്യത്തിലെ വിഷാംശം ജനങ്ങള്‍ക്ക് സ്വയം പരിശോധന നടത്തി തിരിച്ചറിയുവാന്‍ ചെറിയ ഇന്‍സ്റ്റന്റ് ടെസ്റ്റ് കിറ്റുകളും പുറത്തിറക്കി എന്ന് അന്ന് ആരൊക്കെയോ വീമ്പിളക്കിയിരുന്നു. ഇത്തരം പ്രസന നടപടികളാണ് ഇപ്പോള്‍ കേരളത്തില്‍ അരങ്ങേറുന്നത്. എന്തെങ്കിലും വിഷയം ഉണ്ടാകുമ്പോള്‍ അതിനുപിറകെ പോകുകയും എന്തെങ്കിലും ഒക്കെ ചെയ്തെന്ന് വരുത്തിത്തീര്‍ക്കുകയുമാണ് ഇപ്പോള്‍ ചെയ്യുന്നത്. ഉദ്യോഗസ്ഥരുടെയും ഭരണകര്‍ത്താക്കളുടെയും കെടുകാര്യസ്ഥത എവിടെയും നിഴലിക്കുന്നു.