ഡല്‍ഹി : രാജ്യത്ത് ആദ്യമായി ഒരു സൈനികന് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. ജമ്മുകശ്മീരിലെ ലഡാക്കില്‍ നിന്നുള്ള ജവാനാണ് കൊവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചത്. 34 കാരനായ സൈനികന്‍ ഇന്ത്യന്‍ ആര്‍മിയിലെ ലഡാക് സ്‌കൗട്ട്‌സിലെ ലാന്‍സ് നായിക് ആണെന്ന് സേനാ അധികൃതര്‍ വ്യക്തമാക്കി.
സൈനികന്റെ പിതാവ് ഇറാനില്‍ തീര്‍ത്ഥാടനത്തിന് പോയിരുന്നു. ഇദ്ദേഹം ഫെബ്രുവരി 27 നാണ് നാട്ടില്‍ തിരിച്ചെത്തിയത്. തുടര്‍ന്ന് 29 ന് ഇയാളെ ലഡാക് ഹാര്‍ട്ട് ഫൗണ്ടേഷന്‍ ആശുപത്രിയില്‍ ക്വാറന്റീനില്‍ പാര്‍പ്പിച്ചിരുന്നു. മാര്‍ച്ച് ആറിന് ഇദ്ദേഹം കൊവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തി.
തുടര്‍ന്ന് എസ്‌എന്‍എം ഹോസ്പിറ്റലില്‍ ഐസോലേഷനിലേക്ക് മാറ്റിയതായി അധികൃതര്‍ വ്യക്തമാക്കി. പിതാവില്‍ നിന്നാണ് സൈനികന് കൊറോണ പകര്‍ന്നത്. കൊവിഡ് സ്ഥിരീകരിച്ച സൈനികന്‍ ഫെബ്രുവരി 25 മുതല്‍ മാര്‍ച്ച് ഒന്നുവരെ അവധിയിലായിരുന്നു. മാര്‍ച്ച് രണ്ടിനാണ് തിരികെ ജോലിയില്‍ പ്രവേശിച്ചത്.