കൊച്ചി : തൃശൂർ പൂരത്തിന് എഴുന്നള്ളിക്കുന്ന ആനയും ആൾക്കൂട്ടവും തമ്മിലുള്ള ദൂരം 6 മീറ്ററായിരിക്കണമെന്ന് ഹൈക്കോടതി പറഞ്ഞു. ഇതിനിടയിൽ തീവെട്ടി, ചെണ്ടമേളം ഉൾപ്പെടെ ഒന്നും പാടില്ലെന്നും ഇക്കാര്യങ്ങൾ കർശനമായി പാലിച്ചിരിക്കണമെന്നും ജസ്റ്റിസുമാരായ ജയശങ്കരൻ നമ്പ്യാർ, പി. ഗോപിനാഥ് എന്നിവരുടെ അവധിക്കാല ബെഞ്ച് ഉത്തരവിട്ടു. ജനങ്ങളുടെ സുരക്ഷയാണ് മറ്റെന്തിനേക്കാളും പ്രധാനമായി കണക്കാക്കേണ്ടതെന്നും അക്കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യാൻ പറ്റില്ലെന്നും കോടതി പറഞ്ഞു . കഠിനമായ ചൂടാണ് കേരളത്തിലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിലാണ് അകലം ആവശ്യമെന്ന് നിർദേശിക്കുന്നത് എന്ന് കോടതി പറഞ്ഞു. നേരത്തെ 50 മീറ്റർ ദൂരപരിധി ഉണ്ടായിരിക്കണെന്ന ഉത്തരവ് വനംവകുപ്പ് പിൻവലിച്ചിരുന്നു. ഇന്ന് കേസ് പരിഗണിച്ചപ്പോൾ 5–6 മീറ്ററാണ് തങ്ങൾ നിർദേശിക്കുന്നതെന്ന് തിരുവമ്പാടി ദേവസ്വം അറിയിച്ചു. തുടർന്ന് ഇത് കോടതി അനുവദിച്ചു. പ്രധാന ആനയുടെ മുമ്പിലായി കുത്തുവിളക്ക് എഴുന്നെള്ളിക്കുന്ന ആചാരം അനുവദിക്കുന്നുവെന്നും കോടതി വ്യക്തമാക്കി. എന്നാൽ തീവെട്ടിയും ചെണ്ടമേളവും ഉൾപ്പെടെയുള്ളവ ഈ ദൂരത്ത് ഉണ്ടാവരുത് എന്നും കോടതി പറഞ്ഞു.
ഈ മാസം 19നാണ് തൃശൂർ പൂരം. ഇതിന്റെ ഭാഗമായി 18ന് ആനകളുടെ ഫിറ്റ്നെസ് പരിശോധനകൾ നടത്തും. 100 ആനകളെയാണ് പൂരത്തിന് എഴുന്നള്ളിക്കുക. ജില്ലാ കലക്ടർ അധ്യക്ഷനായ സമിതിയാണ് ഫിറ്റ്നെസ് പരിശോധനയ്ക്ക് നേതൃത്വം നല്‍കുക. എന്നാൽ ആനകൾ ഫിറ്റാണെന്ന് ഉറപ്പാക്കേണ്ടത് വനംവകുപ്പിന്റെ ചീഫ് വൈൽഡ്‍ലൈഫ് വാർഡന്റെ ഉത്തരവാദിത്തമായിരിക്കുമെന്ന് കോടതി നിര്‍ദേശിച്ചു. പലപ്പോഴും ആനകളുടെ ഫിറ്റ്നെസ് ഉണ്ടെന്ന സർട്ടിഫിക്കറ്റ് ഉണ്ടായിട്ടും അനിഷ്ടസംഭവങ്ങൾ ഉണ്ടാകുന്നത് കോടതി ചൂണ്ടിക്കാട്ടി. അതുകൊണ്ടു തന്നെ ഫിറ്റ്നെസ് സർട്ടിഫിക്കറ്റിൽ വിട്ടുവീഴ്ച ഉണ്ടാവില്ലെന്ന് ചീഫ് വൈൽഡ്‍ലൈഫ് വാർഡൻ ഉറപ്പാക്കണം.
ആനകളുടെ ഫിറ്റ്നെസ് പരിശോധന നടത്തുമ്പോൾ പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളുടെ പ്രസിഡന്റുമാർ അവിടെ ഉണ്ടായിരിക്കണമെന്നും എന്നാൽ പരിശോധനാ കാര്യങ്ങളിൽ ഇടപെടരുതെന്നും കോടതി നിർദേശിച്ചു. തങ്ങൾക്ക് ധാരണയുള്ള കാര്യങ്ങൾ അവർക്ക് സമിതിയെ അറിയിക്കാം. വനംവകുപ്പിന്റെ നേതൃത്വത്തിലുള്ള സ്ക്വാഡ് പൂരസ്ഥലത്ത് ഉണ്ടായിരിക്കണം. വിവിധ വിഭാഗങ്ങളിൽ നിന്നുള്ളവരടങ്ങുന്ന 100 പേരുടെ സ്ക്വാഡ് ആയിരിക്കും. ആരെയൊക്കെ സ്ക്വാഡിൽ ഉൾപ്പെടുത്തണമെന്നത് വനംവകുപ്പിന് തീരുമാനിക്കാമെന്നും കോടതി പറഞ്ഞു .