റായ്പുര്‍ : ചത്തീസ്ഗഡില്‍ വ്യത്യസ്ത സ്ഥലങ്ങളിലുണ്ടായ ഏറ്റുമുട്ടലില്‍ അഞ്ച് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. സുക്മ ജില്ലയിലും ഛത്തീസ്ഗഡ്-തെലങ്കാന അതിര്‍ത്തിയിലെ വനമേഖലയിലുമാണ് ഏറ്റുമുട്ടലുണ്ടായത്. കൊല്ലപ്പെട്ട വനിതകളില്‍ ഒരാളുടെ തലയ്ക്ക് സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ വിലയിട്ടിരുന്നു. സുക്മ, ദന്ദേവാഡ, ബാസ്റ്റര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ജില്ലാ റിസര്‍വ് ഗാര്ഡുകളുമായുണ്ടായ ഏറ്റുമുട്ടലിലാണ് ഈ വനിത കൊല്ലപ്പെട്ടത്.
ചത്തീസ്ഗഡ്-തെലുങ്കാന അതിര്‍ത്തിയിലാണ് രണ്ടാമത്തെ ഏറ്റുമുട്ടല്‍ നടന്നത്. മാവോയിസ്റ്റ് നേതാവ് സുധാകറിന്റെയും 40 സായുധ നക്സല്‍ കേഡര്‍മാരുടെയും നീക്കത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചതിനെത്തുടര്‍ന്ന് തെലുങ്കാന പോലീസിന്റെ പ്രത്യേക നക്സല്‍ വിരുദ്ധ ഗ്രേഹൗണ്ട്സ് യൂണിറ്റിന്റെ ഒരു സംഘം ബീജാപൂര്‍ (ഛത്തീസ്ഗഡ്), മുലുഗു (തെലങ്കാന) ജില്ലകളിലെ വനമേഖലയില്‍ പരിശോധന നടത്തിയിരുന്നു. ഇതിനിടെയാണ് ഏറ്റുമുട്ടല്‍ നടന്നത്. ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടവരെ കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമല്ല. പ്രദേശത്ത് തെരച്ചില്‍ തുടരുകയാണ്.