വയനാട്: വയനാട് പടിഞ്ഞാറയില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് പ്രവര്‍ത്തകന്‍ വേല്‍മുരുഖന്റെ പോസ്റ്റുമോര്‍ട്ടം ഇന്ന് നടക്കും. ഏറ്റുമുട്ടലിനിടെ ഓടി രക്ഷപ്പെട്ട അഞ്ച് മാവോയിസ്റ്റുകള്‍ക്കായുളള തിരച്ചില്‍ ബാണാസുര വനത്തില്‍ തണ്ടര്‍ബോള്‍ട്ടിന്റെ കൂടുതല്‍ സേന എത്തി നടത്തുന്നുണ്ട്. കൊല്ലപ്പെട്ടത് വേല്‍മുരുകനാണോയെന്ന് സ്ഥിരീകരിക്കാന്‍ ഡിഎന്‍എ പരിശോധന നടത്തുമെന്ന് വയനാട് എസ്‌പി ജി പൂങ്കുഴലി പറഞ്ഞു. ഇയാളുടെ ബന്ധുക്കള്‍ ഇതുവരെ സമീപിച്ചില്ല.
ബപ്പനം പാസ്കരന്‍മല വനത്തില്‍ ഇന്നലെ രാവിലെ ഒമ്പതേകാലോടെയായിരുന്നു ഏറ്റുമുട്ടല്‍. കോയമ്പത്തൂരില്‍നിന്നു വൈകുന്നേരത്തോടെ എത്തിയ തമിഴ്നാട് ക്യൂ ബ്രാഞ്ച് ഉദ്യോഗസ്ഥരാണ് കൊല്ലപ്പെട്ടതു വേല്മുരുകനാണെന്നു തിരിച്ചറിഞ്ഞത്. പെരിയകുളത്തെ സെന്തു-അണ്ണമ്മാള്‍ ദമ്പതികളുടെ മകനാണ് 32കാരനായ വേല്‍മരുകന്‍. സിപിഐ (മാവോയിസ്റ്റ്) കബനി ദളത്തിലെ മുന്‍ അംഗമാണ് ഇയാള്‍.
കൊല്ലപ്പെട്ടതു വേല്മുരുകനാണെന്നു സംസ്ഥാന പോലീസും തമിഴ്നാട് ക്യു ബ്രാഞ്ചും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ബന്ധുക്കള്‍ മൃതദേഹം തിരിച്ചറിഞ്ഞതിനുശേഷമേ കൊല്ലപ്പെട്ട വ്യക്തിയെ സംബന്ധിച്ചു സ്ഥിരീകരണം ഉണ്ടാകൂവെന്നു ക്യൂ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
2019 ഒക്ടോബര്‍ 28, 29 തീയതികളില്‍ അട്ടപ്പാടി മഞ്ചിക്കണ്ടിയില്‍ നടന്ന ഏറ്റുമുട്ടലിന്റെ വാര്‍ഷികത്തോടനുബന്ധിച്ച് മാവോയിസ്റ്റുകള്‍ പ്രതികാരം ചെയ്യാനൊരുങ്ങുന്നുവെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെത്തുടര്‍ന്നു പോലീസ്-തണ്ടര്‍ബോള്‍ട്ട് സംഘം മേഖലയില്‍ പരിശോധന ശക്തമാക്കിയിരുന്നു.
സായുധരായ ആറംഗ മാവോയിസ്റ്റ് സംഘമാണു വെടിവെച്ചതെന്നും ഇവരില്‍നിന്ന് റൈഫിളും ലഘുലേഖകളും പിടിച്ചെടുത്തതായും പോലീസ് പറഞ്ഞു. എന്നാല്‍, വ്യാജ ഏറ്റുമുട്ടലാണു നടന്നതെന്നും ഏകപക്ഷീയമായി മാവോയിസ്റ്റുകളെ വെടിവച്ചുകൊല്ലുകയായിരുന്നുവെന്നും ആരോപിച്ചു മനുഷ്യാവകാശ സംഘടനകളും പ്രതിപക്ഷവും രംഗത്തെത്തി.