തിരുവനന്തപുരം: ദുരന്തബാധിതരായി ക്യാമ്പുകളിൽ കഴിയുന്നവരെ ചില സ്വകാര്യ ധനകാര്യസ്ഥാപനങ്ങൾ പണം തിരിച്ചടയ്ക്കുവാൻ നിർബന്ധിക്കുന്നുവെന്ന് മന്ത്രി മുഹമ്മദ് റിയാസ്. മന്ത്രിസഭാ യോഗത്തിൽ വിഷയം ചർച്ച ചെയ്തതായും മന്ത്രി പറഞ്ഞു. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയായിരുന്നു മന്ത്രിയുടെ രൂക്ഷ വിമർശനം. ഉറ്റവരെയും കൂടെപ്പിറപ്പുകളെയും നഷ്ടപ്പെട്ട വേദനയുമായി ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവരെ മുൻ പണമിടപാടിന്റെ പേരിൽ ചില സ്വകാര്യ ധനകാര്യസ്ഥാപനങ്ങൾ പണം തിരിച്ചടയ്ക്കുവാൻ ഈ ഘട്ടത്തിൽ നിർബന്ധിക്കുന്നു എന്നത് അപലപനീയവും മനുഷ്യത്വരഹിതവുമാണ്. ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ ഈ വിഷയവും ചർച്ച ചെയ്തു. ഇത്തരം ധനകാര്യ സ്ഥാപനങ്ങളുടെ മാനേജ്‌മെന്റുമായി സർക്കാർ പ്രതിനിധികൾ സംസാരിക്കും.
തുടർന്നും ദ്രുതഗതിയിൽ ഇത്തരം നിലപാട് സ്വകാര്യ ധനകാര്യ മാനേജ്മെൻ്റുകൾ തുടർന്നാൽ സംസ്ഥാന സർക്കാർ അതിനെ നേരിടും.വയനാട് മേപ്പാടി പഞ്ചായത്തിലുണ്ടായ ഉരുൾപൊട്ടലിൽ ചൂരൽമല ഭാഗത്ത് ഒൻപത് ക്യാമ്പുകളിലായി 1381 പേരാണ് കഴിയുന്നത്. ഉരുൾപൊട്ടലിൽ മരിച്ചവരുടെ സ്ഥിരീകരിച്ച സംഖ്യ 224 ആയി ഉയർന്നിരിക്കുകയാണ്. 400ൽ അധികം പേർക്ക് ജീവൻ നഷ്ടമായെന്നാണ് അനൗദ്യോഗിക കണക്കുകളിൽ വ്യക്തമാക്കുന്നത്. 181 ശരീരഭാഗങ്ങളും കണ്ടെടുത്തിട്ടുണ്ട്. 154 പേരെ കാണാതായി. 88 പേർ ആശുപത്രികളിലാണ്. തിരിച്ചറിയാത്ത 218 മൃതദേഹങ്ങൾ കഴിഞ്ഞദിവസം സംസ്‌കരിച്ചിരുന്നു.