ന്യുഡല്‍ഹി : വിമാനത്താവളങ്ങളിലെ ഡ്യൂട്ടി ഫ്രീ ഷോപ്പുകളില്‍ നിന്നും ലഭിക്കുന്ന മദ്യത്തിന് ഇനി നിയന്ത്രണം വന്നേക്കും. വാണിജ്യ മന്ത്രാലയമാണ് ഡ്യൂട്ടി ഫ്രീ ഷോപ്പുകളില്‍ വില്‍ക്കുന്ന നികുതി രഹിത മദ്യത്തിന്റെ അളവ് നിയന്ത്രിക്കാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. അത്യാവശ്യമില്ലാത്ത വസ്തുക്കളുടെ ഇറക്കുമതി കുറയ്ക്കുന്നതിന്റെ ഭാഗമായിട്ടാണ് മദ്യ വില്‍പ്പന ഒരു കുപ്പി മാത്രമായി ചുരുക്കാനുള്ള നിര്‍ദേശം. ഡ്യൂട്ടി ഫ്രീ ഷോപ്പുകളില്‍ സിഗരറ്റ് കാര്‍ട്ടന്‍ വില്‍ക്കുന്നത് നിരോധിക്കാനും ശുപാര്‍ശ നല്‍കിയിട്ടുണ്ട്. നിലവില്‍ അന്തര്‍ദ്ദേശീയ യാത്രക്കാര്‍ക്ക് ഡ്യൂട്ടി ഫ്രീ ഷോപ്പുകളില്‍ നിന്നും രണ്ട് ലിറ്റര്‍ മദ്യവും ഒരു സിഗരറ്റ് കാര്‍ട്ടനും വാങ്ങാന്‍ അനുവാദമുണ്ട്. ചില രാജ്യങ്ങളില്‍ അന്തര്‍ദ്ദേശീയ യാത്രക്കാര്‍ക്ക് ഒരു ലിറ്റര്‍ മദ്യം വാങ്ങുവാന്‍ മാത്രമാണ് അനുവാദമുള്ളത്. ഇത് ഇന്ത്യയിലും കൊണ്ട് വരാനാണ് നീക്കം.
ഇറക്കുമതി തീരുവ നല്‍കാതെ അന്തര്‍ദ്ദേശീയ യാത്രക്കാര്‍ക്ക് 50,000 രൂപയോളം വിലവരുന്ന സാധനങ്ങള്‍ വാങ്ങാന്‍ കഴിയുന്നവയാണ് ഡ്യൂട്ടി ഫ്രീ ഷോപ്പുകള്‍. ഫെബ്രുവരി ഒന്നിന് ധനകാര്യ മന്ത്രി അവതരിപ്പിക്കുന്ന ബജറ്റിന് മുന്നോടിയായി വാണിജ്യ മന്ത്രാലയം മുന്നോട്ടുവച്ച നിര്‍ദേശങ്ങളുടെ ഭാഗമാണ് ഈ ശുപാര്‍ശകള്‍. വാണിജ്യകമ്മി കുറയ്ക്കുന്നതിന്റെ ഭാഗമായിട്ട് അത്യാവശ്യമില്ലാത്ത വസ്തുക്കളുടെ ഇറക്കുമതി കുറയ്ക്കാന്‍ ശ്രമിക്കുകയാണ് സര്‍ക്കാര്‍. പേപ്പര്‍, പാദരക്ഷകള്‍, റബ്ബര്‍ വസ്തുക്കള്‍, കളിപ്പാട്ടങ്ങള്‍ തുടങ്ങി നിരവധി ഉല്‍പ്പന്നങ്ങളുടെ കസ്റ്റംസ് തീരുവ വര്‍ധിപ്പിക്കാനും വാണിജ്യ മന്ത്രാലയം നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഉല്‍പ്പാദന വളര്‍ച്ച കൂട്ടുന്നതിനും മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതി പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടിയാണിതെന്ന് അധികൃതര്‍ വ്യക്തമാക്കി.