കൊല്ലം: ഡ്രൈ ഡേ മുന്‍കൂട്ടി കണ്ട് അനധികൃതമായി വിദേശ മദ്യം ശേഖരിച്ചു വെച്ച് വില്‍പന നടത്തി വന്നിരുന്ന രണ്ട് പേരെ കരുനാഗപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. നീണ്ടകര പുത്തന്‍തുറ ലക്കി മന്ദിരത്തില്‍ ജീവല്‍കുമാര്‍ (61), ആലപ്പാട് വെള്ളനാതുരുത്ത് കടവില്‍ ജയമണി (54) എന്നിവരാണ് പോലീസ് പിടിയിലായത്.
കരുനാഗപ്പള്ളി സ്‌റ്റേഷന്‍ പരിധിയില്‍ വെള്ളനാതുരുത്ത്, ആലപ്പാട് മേഖലയില്‍ വില്‍പന നടത്താന്‍ 39 കുപ്പികളിലാക്കി സൂക്ഷിച്ചിരുന്ന 19.400 ലിറ്റര്‍ വിദേശ മദ്യവും 5,000 രൂപയും ഇവരില്‍ നിന്നും കണ്ടെടുത്തു.
പലപ്പോഴായി ബിവറേജസ് കോര്‍പറേഷന്റെ ഔട്ട്‌ലെറ്റ്‌കളില്‍ നിന്നും വാങ്ങി ശേഖരിച്ചു വന്നിരുന്ന മദ്യം ഡ്രൈ ഡേ ദിനങ്ങളില്‍ ഇരട്ടി വിലയ്‌ക്കു വില്‍പന നടത്തിവരികയായിരുന്നു ഇവര്‍. വെള്ളനാതുരുത്ത് ഐ.ആര്‍.ഈ മൈനിംഗ് ഏരിയയിലുള്ള ജീവല്‍കുമാറിന്റെ കടയുടെ പുറകില്‍ വെച്ച് മദ്യ വില്‍പ്പന നടക്കുന്നതായി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്‌ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ പ്രതികള്‍ പിടിയിലാവുകയായിരുന്നു. കൂടുതല്‍ മദ്യ ശേഖരത്തിന്റെ ഉറവിടം പോലീസ് അന്വേഷിച്ചു വരികയാണ്. കരുനാഗപ്പള്ളി ഇന്‍സ്‌പെക്‌ടര്‍ ഗോപകുമാറിന്റെ നേതൃത്വത്തില്‍ എസ്.ഐ അലോഷ്യസ്, എ.എസ്.ഐ മാരായ നന്ദകുമാര്‍, ഷാജിമോന്‍, നൗഷാദ് എന്നിവരടങ്ങിയ സംഘമാണ് ഇവരെ പിടികൂടിയത്.