റാന്നി : വടശ്ശേരിക്കര കുമ്പളത്താമണ്ണിൽ ജനവാസ മേഖലയില്‍ ഇറങ്ങിയ കാട്ടാന വ്യാപകമായി കൃഷികള്‍ നശിപ്പിച്ചു. കുമ്പളത്താമണ്ണ് മണപ്പാട്ട് രാമചന്ദ്രൻ നായര്‍, അജയ് കൃഷ്ണന്‍, ഭാസ്ക്കരന്‍, അമ്മിണി, സുനില്‍ എന്നിവരുടെ കൃഷിയിടത്തിലാണ് ആന നാശം വിതച്ചത്. രാമചന്ദന്‍ നായരുടേയും അജയ് കൃഷ്ണന്‍റെയും കൃഷിയിടത്തിലെ കുലച്ചതും കുലയ്ക്കാറായതുമായ നാൽപത്തഞ്ചോളം വാഴകളും കായ്‌വുള്ള നാലു തെങ്ങുകളും പതിമൂന്ന് റബർ മരങ്ങളുമാണ് കാട്ടാന നശിപ്പിച്ചത്. അജയ് കൃഷ്ണന്റെ പുരയിടത്തിലെ മതിലും ഗേറ്റും ആന തകർത്തു. മൂന്ന് ദിവസമായിട്ട് ആനകൾ മേഖലയിൽ കൃഷിനാശം വിതക്കുകയാണ്. ഒന്നിൽ കൂടുതൽ ആനകളാണ് പ്രദേശത്ത് നാശം വിതച്ചത്.
പാട്ടത്തിന് കൃഷി ചെയ്യുന്ന ഭാസ്കരൻ്റെ ഏത്ത വാഴകളും കപ്പകളും നശിപ്പിച്ചു. സുനിൽ, അമ്മിണി എന്നിവരുടെ കൃഷി സ്ഥലത്തും കാട്ടാന നാശം വിതച്ചു. രാത്രി 10 മണിയോടുകൂടിയാണ് ആനകൾ ജനവാസ മേഖലയില്‍ എത്തിയത്. വ്യാപകമായി
പച്ചക്കറി കൃഷികളും തകര്‍ത്ത കാട്ടാന നേരം പുലർന്നിട്ടാണ് തിരികെ കാടുകയറിയത്. നാട്ടുകാർ കൂടി ബഹളം വെക്കുകയും പടക്കം പൊട്ടിക്കുകയും ചെയ്തപ്പോൾ കാട്ടാന കാടുകയറാതെ അടുത്ത പുരയിടങ്ങളിലേക്ക് നീങ്ങുകയാണ് ചെയ്തതെന്ന് പ്രദേശവാസികള്‍ പറഞ്ഞു.