പത്തനംതിട്ട : പുല്ലുമേട്ടിലും സുരക്ഷ ഉറപ്പാക്കി വനം വകുപ്പ്. സന്നിധാനത്തേക്ക് നേരിട്ടെത്തുന്ന ഏക കാനനപാതയായ പുല്ലുമേട്ടിലൂടെ ദിനംപ്രതി നിരവധി ഭക്തരാണ് എത്തിചേരുന്നത്. ഈ മണ്ഡലകാലയളവില്‍ അയ്യനെ കാണാന്‍ നാളിതുവരെ പുല്ലുമേട്ടിലൂടെ 13,270 അയ്യപ്പന്മാരാണ് എത്തിച്ചേര്‍ന്നത്. അഴുതക്കടവിലൂടെ 23,331 ഭക്തരും എത്തി. സത്രത്തില്‍ നിന്നും കാട്ടിലൂടെ 12 കി മി യാത്ര ചെയ്താലെ അയ്യന്റെ തിരുസന്നിധിയില്‍ എത്താന്‍ സാധിക്കു. പുല്ലുമേട്ടിലൂടെ സന്നിധാനം എത്തുന്നത് വരെ അഞ്ച് പോയിന്റുകളിലായി സ്വാമിമാര്‍ക്ക് ക്ഷീണം മാറ്റുന്നതിനുള്ള ഇരിപ്പ് കേന്ദ്രവും വെള്ളം സൗകര്യവും സുരക്ഷയും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
35 വനം വകുപ്പ് ജിവനക്കാരും ട്രയിനിങ്ങിലുള്ള 25 ബീറ്റ് ഫോറസ്റ്റ് ഉദ്യാഗസ്ഥരും 30 പേരടങ്ങുന്ന എലഫന്റ് സ്‌ക്വാഡും സുരക്ഷക്കായി പ്രവര്‍ത്തിക്കുന്നുണ്ട്. അഴുതക്കടവ് വഴി വനം വകുപ്പിന്റെ 45 ജിവനക്കാരും ട്രയിനിങ്ങിലുള്ള 25 ബീറ്റ് ഫോറസ്റ്റ് ഉദ്യാഗസ്ഥരും 45 പേരടങ്ങുന്ന എലഫന്റ് സ്‌ക്വാഡും സജ്ജമാണ്. വന്യ മൃഗശല്യഞ്ഞെ തുടര്‍ന്ന് സോളാര്‍ ഫെന്‍സിംഗ് ഉള്‍പ്പെടെയുള്ള ക്രമീകരണങ്ങള്‍ ഒരുക്കി കൃത്യമായ രാത്രി നീരീക്ഷണവും നടക്കുന്നുണ്ട്. ഇത് വഴി പോകുന്നവരുടെ കണക്കും കൃത്യമായി രേഖപ്പെടുത്തി അവസാന ഭക്തനും സന്നിധാനത്ത് എത്തിയെന്ന് ഉറപ്പും വരുത്തും. ഭക്തരെ കടത്തി വിടുന്നതിന് മുമ്പായി കാനന പാത വനം വകുപ്പ് പരിശോധിച്ച് ഉറപ്പ് വരുത്തും.