കോന്നി : കാട്ടാനയെ തുരത്തുന്നതിന്റെ ഭാഗമായി വനപാലകർ കുളത്തുമണ്ണിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചു. ആനകൾ സ്ഥിരമായി ഇറങ്ങി നാശം വിതക്കുന്ന സ്ഥലങ്ങളിൽ നാല് ഭാഗത്തായാണ് ക്യാമറകൾ സ്ഥാപിച്ചത്. ഒരു സ്ഥലത്ത് സ്ഥിരമായി ഇറങ്ങുന്നത് ഒരേ കാട്ടാനകൾ തന്നെ ആണോ എന്ന് മനസിലാക്കി ആനകൾ കൂട്ടമായി ഇറങ്ങി വരുന്ന വനം ഏതാണോ അവിടേക്ക് തന്നെ ആനകളെ ഓടിക്കുവാനുള്ള ശ്രമങ്ങൾ ആണ് വനപാലകർ നടത്തുന്നത്. മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് ക്യാമറ സ്ഥാപിച്ചത്. കഴിഞ്ഞ ദിവസം പോലീസുമായി ചേർന്ന് പമ്പ് ആക്ഷൻ ഗൺ, ഡ്രോൺ എന്നിവ ഉപയോഗിച്ച് വനപാലകർ ആനകൾ ഇറങ്ങുന്ന ജനവാസ മേഖലയ്ക്ക് സമീപത്തെ വനത്തിൽ തിരച്ചിൽ നടത്തിയിരുന്നു.
ഈ തിരച്ചിലിൽ കമ്പകത്തുംപച്ച ഭാഗത്ത് വനപാലകർ കാട്ടാനകൂട്ടത്തെ കണ്ടത്തിയിരുന്നു. കാടിറങ്ങുന്ന ആനകൂട്ടത്തെ ഇവിടേക്ക് തന്നെ ഓടിക്കുവാനും കല്ലേലിയിൽ നാശം വിതക്കുന്ന ആനയെ ഇവിടെ നിന്ന് മാറ്റുവാനും വനം വകുപ്പ് അധികൃതർ തീരുമാനിച്ചിട്ടുണ്ട്. വന പാലകർക്ക് ആവശ്യമായ എല്ലാ സഹായങ്ങളുമായി നാട്ടുകാരും രംഗത്തുണ്ട്. കല്ലേലി റോഡിൽ കാട്ടാന ശല്യം രൂക്ഷമായതിനെ തുടർന്ന് വനം വകുപ്പ് പെട്രോളിങ് ശക്തമാക്കുവാനും തീരുമാനിച്ചിട്ടുണ്ട്. നടുവത്തുമൂഴി റേഞ്ചിൽ പാടം ഫോറസ്റ്റേഷൻ പരിധിയിലാണ് കാട്ടാന ശല്യം രൂക്ഷമായ ഈ പ്രദേശങ്ങൾ.