കോഴിക്കോട് : വന നിയമ ഭേദഗതി സംബന്ധിച്ച് നൂറ്റി അൻപത് അഭിപ്രായങ്ങൾ മാത്രമേ ലഭിച്ചിട്ടുള്ളു എന്ന വനംവകുപ്പിന്റെ വാദം പല പത്ര മാധ്യമങ്ങളിലും അച്ചടിച്ച് വന്നത് കിഫയുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇത് തികച്ചും തെറ്റായ വിവരം ആണെന്നും ഇത്തരം ഒരു വ്യാജ പ്രചാരണം ജനങ്ങളുടെ പ്രതിഷേധത്തെ നിസ്സാരവത്കരിക്കാനുള്ള വനംവകുപ്പിന്റെ ആസൂത്രിത നീക്കമാണെന്നും കിഫ സംസ്ഥാന സമിതിയുടെ അടിയന്തിര യോഗം വിലയിരുത്തി. കിഫയുടെ പ്രവർത്തകരുടെ ഭാഗത്ത് നിന്നും മാത്രം ആയിരക്കണക്കിന് നിർദ്ദേശങ്ങൾ വനംവകുപ്പിലേക്ക് അയച്ചിരുന്നു. അതിനു പുറമെ മറ്റ് സംഘടനകൾ, രാഷ്ട്രീയ പാർട്ടികൾ എന്നിവയുടെ നേതൃത്വത്തിൽ എതിർപ്പുകളും നിർദ്ദേശങ്ങളും വനംവകുപ്പിനെ യഥാസമയം അറിയിച്ചിരുന്നു. ഇവയൊന്നും കണക്കാക്കാതെയാണ് നിരുത്തരവാദപരമായ പ്രസ്താവന മാധ്യമങ്ങൾക്ക് നൽകി ജനങ്ങളെ വെല്ലുവിളിക്കാൻ വനംവകുപ്പും മന്ത്രിയും ശ്രമിക്കുന്നത്. പൊതുജനങ്ങളിൽ നിന്നും അഭിപ്രായം തേടുമെന്ന് പറഞ്ഞത് ഒരു പ്രഹസനം ആയിരുന്നു എന്ന് മന്ത്രിയുടെ ഈ പ്രസ്താവന വ്യക്തമാക്കുന്നു. ഇത് ജനാധിപത്യ മൂല്യങ്ങളോടുള്ള വെല്ലുവിളിയാണ്. ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട സർക്കാരിന് ഭൂഷണമായ നടപടിയല്ല ഇത്. ഇത്തരം ചെപ്പടി വിദ്യകൾ കാണിച്ച് ജനങ്ങളുടെ കണ്ണിൽ പൊടി ഇടാമെന്ന് ഒരു സർക്കാരും കരുതേണ്ടതില്ല
ജനങ്ങളുടെ അഭിപ്രായങ്ങൾ അറിയിക്കാനുള്ള ആദ്യദിനങ്ങൾ കഴിഞ്ഞതോടു കൂടി വനംവകുപ്പിന്റെ ഇമെയിൽ വിലാസത്തിലേക്ക് അയച്ച നിർദ്ദേശങ്ങൾ സ്ഥല പരിമിതി മൂലം നിരാകരിക്കപ്പെട്ടു എന്ന അറിയിപ്പ് പലർക്കും ലഭിച്ചിട്ടുണ്ട്. ഇതിലൂടെ ആളുകൾക്ക് അവരുടെ അഭിപ്രായം അറിയിക്കാനുള്ള അവസരം വനംവകുപ്പ് മനഃപ്പൂർവ്വം ഇല്ലാതാക്കി സാമാന്യ നീതിയുടെ നിഷേധമാണ് നടത്തിയിരിക്കുന്നതെന്നു ലീഗൽ സെൽ ഡയറക്ടർ അഡ്വ. ജോസ് ജെ ചെരുവിൽ അഭിപ്രായപ്പെട്ടു. ഈ രീതിയിൽ നിയമ ഭേദഗതിയുമായി മുന്നോട്ടു പോയാൽ അതിനെ നിയമപരമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു.
വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സംഘടന നേരിട്ട് ഈ നിയമ ഭേദഗതിയെ അനുകൂലിച്ചു കത്തുകൾ അയക്കണം എന്ന ആവശ്യവുമായി പരിസ്ഥിതി സംഘടനകൾ മുഖേന പ്രചാരണം നടത്തിയതിന്റെ തെളിവുകളും കിഫയുടെ പക്കൽ ഉണ്ട്. പൊതു ജനങ്ങളുടെ അഭിപ്രായങ്ങൾ തള്ളിക്കളഞ്ഞുകൊണ്ടു നിയമഭേദഗതിക്ക് അനുകൂലമായ അഭിപ്രായങ്ങൾ മാത്രം പരിഗണിക്കാനുള്ള ഗൂഢനീക്കം ആയി വേണം ഈ പ്രസ്താവനയെ കാണേണ്ടത് എന്ന് ചെയർമാൻ അലക്സ് ഒഴുകയിൽ അഭിപ്രായപ്പെട്ടു. ഭരണ സംവിധാനങ്ങളുടെ വിശ്വാസ്യതയെ തന്നെ സംശയനിഴലിലാക്കുന്ന വനംവകുപ്പിന്റെ ഇത്തരം നീക്കങ്ങൾ കിഫ സൂക്ഷമായി നിരീക്ഷിക്കുന്നുണ്ട് എന്നും അതിനെ പ്രതിരോധിക്കാൻ സംഘടനാ സംവിധാനം സാദാ സജ്ജമാണെന്നും അദ്ദേഹം വ്യക്തമാക്കി.