കൊച്ചി : വനിതാ ഉദ്യോഗസ്ഥയോട് മോശമായി പെരുമാറി , സെക്ഷൻ ഫോറസ്റ്റ് ഓഫിസർമാർക്ക് സസ്‌പെൻഷൻ .ചാലക്കുടി ഡിവിഷനിലെ പരിയാരം റെയിഞ്ചിലെ ചായ്പൻ കുഴി ഫോറസ്റ്റ് സ്റ്റേഷനിലെ വനിത ബീറ്റ് ഫോറസ്റ്റ് ഓഫീസറോട് മോശമായി പെരുമാറിയ സെക്ഷൻ ഫോറസ്റ്റ് ഓഫിസർമാരായ കെ.ടി ഹരി പ്രസാദ്, ഇ.താജുദ്ദീൻ എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്.
തൃശൂർ സെൻട്രൽ സർക്കിൾ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ കെ.ആർ അനൂപിന്റേതാണ് നടപടി. ഡ്യൂട്ടി സമയത്ത് മദ്യപിച്ച് സഭ്യമല്ലാത്ത ഭാഷയിൽ സംസാരിക്കുകയും മോശമായി പെരുമാറുകയും ചെയ്തതായി ചാലക്കുടി ഡിവിഷനിൽ രൂപീകരിച്ചിട്ടുളള ഇന്റേണൽ കംപ്ലയിന്റ് കമ്മിറ്റി മുമ്പാകെ വനിതാ ഉദ്യോഗസ്ഥ പരാതി സമർപ്പിച്ചിരുന്നു. കമ്മിറ്റിയുടെ ഇടക്കാല റിപ്പോർട്ടിൽ ആരോപണ വിധേയരായ ജീവനക്കാർ പരാതിക്കാരിയേയും സാക്ഷികളെയും തുടർച്ചയായി പീഡിപ്പിച്ചുകൊണ്ടിരിക്കുന്നതായും ആരോപണമുയർന്നിരുന്നു. തുടർന്നാണ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ തീരുമാനമായത്.