കൊച്ചി : മൂവാറ്റുപുഴയില്‍ മീന്‍ കഴിച്ച കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ ഉണ്ടായതിനെ തുടര്‍ന്ന് നഗരത്തില്‍ വ്യാപക പരിശോധന. ഭക്ഷ്യ സുരക്ഷ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ പഴകിയ ആറ് കിലോ മത്സ്യം നശിപ്പിച്ചു. ഞായറാഴ്ച കീച്ചേരിപ്പടിയിലെ മത്സ്യവില്‍പ്പനശാലയില്‍ നിന്നുള്ള മീന്‍ വാങ്ങിക്കഴിച്ച മൂവാറ്റുപുഴ, പെരുമറ്റം എന്നിവിടങ്ങളില്‍ നിന്നുള്ള കുടുംബങ്ങളിലെ പത്തും പതിനഞ്ചും വയസ്സുള്ള രണ്ടു കുട്ടികള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഗുരുതരാവസ്ഥയിലുള്ള ഒരു കുട്ടിയെ കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലും മറ്റൊരു കുട്ടിയെ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്.
മീനില്‍ നിന്നാണു ഭക്ഷ്യവിഷബാധയെന്നു സ്ഥിരീകരിച്ചിട്ടുണ്ട്. മീന്‍ കഴിച്ച ശേഷം ഛര്‍ദിയും വയറിളക്കവുമുണ്ടായി അവശ നിലയിലാവുകയായിരുന്നു. സംഭവത്തേ തുടര്‍ന്ന് നഗരത്തില്‍ ഭക്ഷ്യ സുരക്ഷ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. റാപ്പിഡ് ടെസ്റ്റ് കിറ്റ് ഉപയോഗിച്ചുള്ള പരിശോധനയില്‍ അമോണിയയും ഫോര്‍മാലിനും കണ്ടെത്താനായില്ല. കീച്ചേരിപ്പടിയിലെ ഒരു കടയില്‍ നിന്ന് പഴകിയ ആറ് കിലോ മത്തി ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്ത് നശിപ്പിച്ചു.