കൽപ്പറ്റ : തിരഞ്ഞെടുപ്പ് തോല്‍വിയില്‍ ഗുരുതര ആരോപണവുമായി വയനാട് ജില്ലാ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍. ജില്ലാ പഞ്ചായത്ത് പൊഴുതന ഡിവിഷനില്‍ തന്നെ തോല്‍പ്പിക്കാന്‍ ചിലര്‍ സിപിഎമ്മുമായി ചേര്‍ന്ന് വോട്ട് കച്ചവടം നടത്തിയെന്ന് കെ.എല്‍. പൗലോസ് പറഞ്ഞു. നാല് പഞ്ചായത്തുകളിലും ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനിലും മനഃപൂർവ്വം വോട്ട് ചോര്‍ച്ചയുണ്ടാക്കിയെന്നാണ് ജില്ലാ പഞ്ചായത്ത് മുന്‍ അധ്യക്ഷന്‍ കൂടിയായ പൗലോസിന്റെ ആരോപണം.
ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ യുഡിഎഫ് കനത്ത തോല്‍വി നേരിട്ട ഡിവിഷനാണ് പൊഴുതന. മുതിര്‍ന്ന നേതാവായ കെ.എല്‍. പൗലോസ് ഇവിടെ മത്സരിക്കുന്നതിനെതിരെ തുടക്കത്തില്‍ ചില അപശബ്ദങ്ങള്‍ കോണ്‍ഗ്രസില്‍ ഉയര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണ് തന്നെ തോല്‍പ്പിക്കാന്‍ ചില നേതാക്കള്‍ സിപിഎമ്മുമായി ചേര്‍ന്ന് വോട്ടുകച്ചവടം നടത്തിയെന്ന ആരോപണവുമായി പൗലോസ് രംഗത്തുവരുന്നത്.
പൊഴുതന പഞ്ചായത്ത് ഡിവിഷന്റെ പരിധിയില്‍ ഉള്‍പ്പെട്ട നാല് പഞ്ചായത്തുകളിലും ബ്ലോക്ക് ഡിവിഷനിലും വന്‍ വോട്ടു ചോര്‍ച്ചയുണ്ടാക്കി. തന്റെ സ്ഥാനാര്‍ഥിത്വം കാരണം യുഡിഎഫിനു മെച്ചമുണ്ടായില്ലെന്നു വരുത്തുകയായിരുന്നു ലക്ഷ്യം. നേതൃത്വത്തിന്റെ നിര്‍ബന്ധം കാരണമാണ് പൊഴുതന ഡിവിഷനില്‍ മത്സരിച്ചത്. പരാതി നല്‍കിയെന്നും കെ.എല്‍. പൗലോസ് പറഞ്ഞു.