തിരുവനന്തപുരം: മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ ഭരണസമിതിയെ പിരിച്ചുവിട്ട നടപടി പൂർണ്ണമായും രാഷ്ട്രീയപ്രേരിതമാണെന്ന് മുൻ ഭരണസമിതി അംഗങ്ങൾ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. വരാനിരിക്കുന്ന മിൽമ ഫെഡറേഷൻ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷം വിജയിക്കുമെന്ന് ഉറപ്പായതോടെയാണ് സർക്കാർ ഇത്തരം ഒരു നീക്കം നടത്തിയത്. നിയമാനുസൃതമായ നടപടിക്രമങ്ങൾ പാലിക്കാതെ പെട്ടെന്ന് എടുത്ത തീരുമാനമാണിതെന്നും, പിരിച്ചുവിട്ട വിവരം മാധ്യമങ്ങളിലൂടെയാണ് തങ്ങൾ അറിഞ്ഞതെന്നും അവർ വ്യക്തമാക്കി. ശബരിമല നെയ് വിവാദവുമായി ബന്ധപ്പെട്ട ആരോപണങ്ങൾ തികച്ചും വസ്തുതാ വിരുദ്ധമാണ്. ഈ ഇടപാടിലൂടെ മിൽമക്ക് ലാഭകരമായ വ്യാപാരമാണ് നടന്നിട്ടുള്ളത്. ഭരണസമിതി സ്വന്തമായി എടുത്ത തീരുമാനമല്ലിത്. കരാർ അനുസരിച്ച് പത്തനംതിട്ട ഡയറിയിൽ നിന്നുള്ള നെയ് പമ്പയിൽ കൃത്യമായി എത്തിച്ചിട്ടുണ്ട്.
സംസ്ഥാന ഭക്ഷ്യസുരക്ഷാ വിഭാഗം പമ്പയിൽ വെച്ച് പരിശോധന നടത്തുകയും ഗുണനിലവാരമുള്ള നെയ്യാണെന്ന് സാക്ഷ്യപ്പെടുത്തി സർട്ടിഫിക്കറ്റ് നൽകുകയും ചെയ്തിട്ടുണ്ട്. ഗുണനിലവാരക്കുറവുണ്ടെന്ന് ഇതേവരെ തങ്ങളെ അറിയിച്ചിട്ടില്ല. പിരിച്ചുവിടൽ നടപടിയെ ന്യായീകരിക്കാൻ വേണ്ടി പരാതികൾ എഴുതി വാങ്ങുകയായിരുന്നു. മുൻപും മിൽമ ഇതുപോലെ വില കുറച്ച് നെയ്യ് നൽകിയിട്ടുണ്ടെങ്കിലും പുതിയ സർക്കാർ അധികാരത്തിൽ വന്നപ്പോഴാണ് ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത്. നൽകിയ നെയ്യ് ഗുണനിലവാരം കുറഞ്ഞതാണെങ്കിൽ ദേവസ്വം ബോർഡ് അതിനുള്ള പണം നൽകുമോ എന്നും അതിനാൽ കുറ്റപത്രത്തിൽ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങൾ നിലനിൽക്കില്ലെന്നും ഭരണസമിതി ചൂണ്ടിക്കാട്ടി.






























