അമരാവതി: ആന്ധ്രാപ്രദേശില്‍ കോവിഡ് ബാധിച്ച് ചികില്‍സയിലായിരുന്ന മുന്‍ മന്ത്രി മാണിക്കല റാവു (59) അന്തരിച്ചു. വിജയവാഡയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം.കഴിഞ്ഞ മാസം അവസാനം കോവിഡ് സ്ഥിരീകരിച്ച മാണിക്കല റാവുവിനെ എല്ലുരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് ഇവിടെനിന്നും വിജയവാഡയിലേക്ക് മാറ്റുകയായിരുന്നു. പശ്ചിമ ഗോദാവരിയിലെ താദേപള്ളി ഗുഡെമില് നിന്നാണ് അദ്ദേഹം നിയമസഭയിലെത്തിയത്. ചന്ദ്രബാബു നായിഡു മന്ത്രിസഭയിലെ മന്ത്രിയായിരുന്നു.
ആന്ധ്രാപ്രദേശില്‍ കോവിഡ് വ്യാപനം ശമനമില്ലാതെ തുടരുന്നു. സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 9,276 പേര്‍ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു.1,50,209 പേര്‍ക്കാണ് ഇതുവരെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 76,614പേര് രോഗമുക്തരായി. ഇന്ന് 1,407പേര് വൈറസ് ബാധിച്ച് മരിച്ചു. 72,188പേര് ചികിത്സയിലാണ്.