പത്തനംതിട്ട : മുന്‍ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് സി.പി.എം. യോഗങ്ങളില്‍ നിന്നും പരിപാടികളില്‍ നിന്നും വിട്ടുനില്‍ക്കുന്നതിനെതിരെ പാര്‍ട്ടി നേതൃത്വത്തിനിടെയില്‍ അതൃപ്തി പുകയുന്നു. പത്തനംതിട്ട ജില്ലയില്‍ കഴിഞ്ഞ കുറച്ചുകാലമായി സി.പി.എം. പരിപാടികളിലോ യോഗങ്ങളിലോ വീണാ ജോര്‍ജ്ജിന്‍റെ സാന്നിധ്യമില്ലെന്നാണ് പ്രാദേശിക പാര്‍ട്ടി നേതൃത്വം ഉയര്‍ത്തുന്ന പ്രധാന ആരോപണം. ഇത് പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കുമിടെയില്‍ കടുത്ത അതൃപ്തിക്ക് കാരണമായിട്ടുണ്ട്. കഴിഞ്ഞ നിയമസഭ തെരഞ്ഞടുപ്പിന് ശേഷം വീണാ ജോര്‍ജ്ജ് ജില്ലയില്‍ നടക്കുന്ന സി.പി.എം. യോഗങ്ങളില്‍ ഒന്നും സജീവമല്ല. പത്തനംതിട്ട സി.പി.എം. ജില്ല കമ്മറ്റി അംഗമായ ഇവര്‍ തുടര്‍ച്ചയായി അഞ്ച് ജില്ല കമ്മറ്റി യോഗങ്ങളിലാണ് പങ്കെടുക്കാതിരുന്നത്.
പാര്‍ട്ടിയുടെ കീഴ്വഴക്കമനുസരിച്ച് മുന്‍കൂട്ടി അവധി അപേക്ഷ നല്‍കാതെ തുടര്‍ച്ചയായി മൂന്നുകമ്മറ്റികളില്‍ പങ്കെടുക്കാതിരുന്നാല്‍ അംഗങ്ങളോട് ജില്ല കമ്മറ്റി വിശദീകരണം അവശ്യപ്പെടാറുണ്ട്. എന്നാല്‍ വീണാ ജോര്‍ജ്ജിനോട് പാര്‍ട്ടി ഇതുവരെ അത്തരം വിശദീകരണം ആവശ്യപ്പെടുകയോ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയോ ചെയ്തിട്ടില്ലെന്നാണ് വിവരം. ജില്ല കമ്മറ്റിയില്‍ മാത്രമല്ല സി.പി.എം. സംസ്ഥാന സമിതിയുടെ പ്രത്യേക ക്ഷണിതാവുകൂടിയായ വീണാ ജോര്‍ജ്ജ് കോഴിക്കോട് നടന്ന വിശാല സംസ്ഥാന സമിതി യോഗത്തില്‍ നിന്നും വിട്ടുനിന്നിരുന്നു. ഈ സാഹചര്യത്തില്‍ വീണ ജോര്‍ജ്ജിന്‍റെ അസാന്നിധ്യം ഒക്ടോബറില്‍ നടക്കുന്ന സി.പി.എം. ജില്ല കമ്മറ്റി യോഗത്തില്‍ വലിയ ചര്‍ച്ചയാകുവാന്‍ സാധ്യതയുണ്ട്. നിലവില്‍ കൊടുമണ്ണിലെ വീട്ടിലാണ് ഇവര്‍ താമസിക്കുന്നത്. പാര്‍ട്ടി യോഗങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുന്നുണ്ടെങ്കിലും സമൂഹ മാധ്യമങ്ങളില്‍ ഇവര്‍ സജീവമാണ്.
മാസപ്പടിക്കേസില്‍ പ്രതിപക്ഷത്തിനെതിരെ സര്‍ക്കാര്‍ സൈബര്‍ ആക്രമണം നടത്തുമ്പോള്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയനെ അനുകൂലിച്ച് ഇവര്‍ നിലപാടുകള്‍ വ്യക്തമാക്കിയിരുന്നു. കേരളത്തിലെ പ്രമുഖ വാര്‍ത്ത ചാനലില്‍ ജോലി ചെയ്യുമ്പോഴാണ് 2016 ല്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പിള്‍ സി.പി.എം. സ്ഥാനാര്‍ഥിയായ ഇവര്‍ ആറന്മുള മണ്ഡലത്തില്‍ നിന്നും വിജയിക്കുന്നത്. പാര്‍ട്ടി ജില്ല നേതൃത്വത്തെ അട്ടിമറിച്ചാണ് ഇവര്‍ക്ക് സംസ്ഥാന നേതൃത്വം സീറ്റ് നല്‍കിയതെന്നും ആരോപണമുണ്ട്. മണ്ഡലത്തിലെ ഓര്‍ത്തഡോക്സ് വോട്ടുകള്‍ ലക്ഷ്യംവെച്ചായിരുന്നു വീണാ ജോര്‍ജ്ജിന്‍റെ ഈ നീക്കം.
മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ടെത്തിയാണ് ആറന്മുളയിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്. 2021 ല്‍ നടന്ന തെരഞ്ഞെടുപ്പിള്‍ ആറന്മുള മണ്ഡലത്തില്‍ വീണ്ടും വിജയിച്ചതോടെയാണ് ഇവര്‍ ആരോഗ്യമന്ത്രിയായി ചുമതലയേല്‍ക്കുന്നത്. എന്നാല്‍ മന്ത്രിയായതിന് ശേഷം ഇവര്‍ ജില്ലയിലെ പ്രാദേശിക നേതൃത്വവുമായി അകലം പാലിക്കുവാന്‍ തുടങ്ങിയതായാണ് ആരോപണം. മന്ത്രി എന്ന നിലയില്‍ ഇവരുടെ ഇടപെടലുകളില്‍ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നപ്പോള്‍ ജില്ലയിലെ ചില നേതാക്കള്‍ ഇതിനെതിരെ പ്രതിരോധിച്ചില്ല. ഇതിനിടെയാണ് വീണാ ജോര്‍ജ്ജിനെ കഴിഞ്ഞ തെരഞ്ഞടുപ്പില്‍ വീണ്ടും ആറന്മുളയില്‍ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയാക്കിയത്. ഇതില്‍ ഇവര്‍ പരാജയപ്പെട്ടു. വീണാ ജോര്‍ജ്ജ് പാര്‍ട്ടിയില്‍ നിന്നും വിട്ടുനില്കുന്ന വിഷയം അടുത്ത സി.പി.എം. ജില്ല കമ്മറ്റി യോഗത്തില്‍ വലിയ ചര്‍ച്ചയ്ക്ക് വഴിവെക്കുമെന്നാണ് സൂചന.


































