ന്യൂഡൽഹി: കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മുൻ കേന്ദ്രമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ മുരളി മനോഹർ ജോഷി. നിലവിലെ സർക്കാർ അഴിമതികളിൽ മുങ്ങിനിൽക്കുകയാണെന്നും വിദ്യാഭ്യാസം സർക്കാരിന്‍റെ മുൻഗണനാ വിഷയമല്ലെന്നും മുരളി പറഞ്ഞു. പൊതുവിദ്യാലയങ്ങൾ അടച്ചുപൂട്ടുന്നതും ഉന്നത വിദ്യാഭ്യാസ രംഗത്തെ വാണിജ്യവൽക്കരണവും രാജ്യത്തിന്‍റെ ഭാവിയെ അപകടത്തിലാക്കുമെന്നും ഇയാൾ മുന്നറിയിപ്പ് നൽകി. ‘ഈ സർക്കാർ അഴിമതിയിൽ മുങ്ങിനിൽക്കുകയാണ്. ഇങ്ങനെയൊരു സർക്കാരിന് ചോദ്യപ്പേപ്പർ ചോർച്ച അടക്കമുള്ള പ്രതിസന്ധികളെ എങ്ങനെയാണ് അഭിമുഖീകരിക്കാനാകുക? എല്ലാ മേഖലകളിലും കൈക്കൂലിയിലൂടെ നിയമനം ലഭിച്ച അധ്യാപകരെ കണ്ടുവളരുന്ന കുട്ടികളുടെ അവസ്ഥ എങ്ങനെയായിരിക്കും?
ഇതെല്ലാം കണ്ടുവളരുന്ന അവരെങ്ങനെ നേരായ വഴിയിലൂടെ സഞ്ചരിക്കും? വിനയപുരസ്കരം ഞാനൊന്ന് ചോദിച്ചോട്ടെ, അടൽ ബിഹാർ വാജ്പേയിയുടെ ഭരണകാലത്ത് പരീക്ഷാ പേപ്പർ ചോർച്ച പോലുള്ള സംഭവങ്ങൾ ഇല്ലാതിരുന്നത് എന്തുകൊണ്ടായിരിക്കും?’ മുരളി കൂട്ടിച്ചേർത്തു.പൊതുവിദ്യാലയങ്ങൾ അടച്ചുപൂട്ടുന്നതും പരിധിയിൽ കവിഞ്ഞ വാണിജ്യവൽക്കരണവും രാജ്യത്തിന്‍റെ ഭാവിയെ അപകടത്തിലാക്കുമെന്നും മുരളി മുന്നറിയിപ്പ് നൽകി. റോഡുകൾക്കും കെട്ടിടങ്ങൾക്കും വേണ്ടി നിരന്തരം പണം അനുവദിച്ചുകൊണ്ടിരിക്കുമ്പോഴും എന്തുകൊണ്ടാണ് വിദ്യാഭ്യാസമേഖലയ്ക്കും ആരോഗ്യരംഗത്തിനുമുള്ള കുറഞ്ഞ പണം വകയിരുത്തുന്നതെന്നും ഇയാൾ ചോദിച്ചു.
‘ബജറ്റ് വിഹിതം ചുരുങ്ങിക്കൊണ്ടേയിരിക്കുകയാണ്. വിദ്യാഭ്യാസവും ആരോഗ്യരംഗവും ഈ സർക്കാരിന്‍റെ മുൻഗണനാ വിഷയമല്ല. വികസിത് ഭാരത് എന്നതിലെ വികസിത് എന്നതുകൊണ്ട് എന്താണ് അർത്ഥമാക്കുന്നത്? മനസ്സിലാകുന്നില്ല. അടിസ്ഥാന വികസനം എന്നാൽ റോഡുകൾ നിർമിക്കുന്നത് മാത്രമല്ലെന്ന് സർക്കാർ മനസ്സിലാക്കേണ്ടിയിരിക്കുന്നു. റോഡുണ്ടാക്കിയാൽ മാത്രം പോരാ, അതിന് യോഗ്യരായ എഞ്ചിനീയർമാരെ വാർത്തെടുക്കാനുള്ള സ്ഥാപനങ്ങളും വേണം.’ മുരളി പറഞ്ഞു.
































