കൊച്ചി: എറണാകുളം ചെലവന്നൂരിൽ കുടുംബത്തിന്റെ വീടൊഴിപ്പിക്കാനെത്തിയ പോലീസിനെ നാട്ടുകാർ തടഞ്ഞു. എറണാകുളം മുൻസിഫ് കോടതിയുടെ വിധി പ്രകാരമാണ് ബിന്ദു ഷാജി എന്നയാളുടെ പേരിലുള്ള മൂന്ന് സെന്റ് സ്ഥലത്തെ വീടൊഴിപ്പിക്കാൻ പോലീസും തഹസിൽദാരുമെത്തിയത്. അരമണിക്കൂറിനുള്ളിൽ വീടൊഴിയണമെന്നായിരുന്നു പോലീസ് നിർദേശം. നാട്ടുകാരും രാഷ്ട്രീയക്കാരും തടയാനെത്തിയതോടെ സംഘർഷാവസ്ഥയുണ്ടായി. കുടുംബത്തെ ഉൾപ്പെടെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. സമീപത്തെ സ്ഥലമുടമയായ രവീന്ദ്രൻ എന്നയാളുടെ പരാതിയിന്മേൽ അനുകൂല വിധി ലഭിച്ചതിനെ തുടർന്നാണ് പോലീസ് നടപടി.
രവീന്ദ്രൻ എന്നയാളുടെ 62 സെന്റ് ഭൂമിക്ക് സമീപം മൂന്ന് സെന്റിലാണ് ബിന്ദു, ഷാജി, ഇവരുടെ അമ്മ, രണ്ട് മക്കൾ എന്നിവർ വീടുവെച്ച് താമസിക്കുന്നത്. തന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് ഇവർ അനധികൃതമായി വീടുവെച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് രവീന്ദ്രൻ കോടതിയെ സമീപിച്ചത്. മുൻസിഫ് കോടതി ഇയാൾക്ക് അനുകൂലമായ വിധി പുറപ്പെടുവിക്കുകയും ചെയ്തു. എന്നാൽ 1982 മുതൽ തങ്ങൾ താമസിക്കുന്ന സ്ഥലമാണിതെന്നും കരമടച്ചിട്ടുണ്ടെന്നും ബിന്ദുവും ഷാജിയും പറയുന്നു. രവീന്ദ്രന്റെ അച്ഛൻ രാഘവൻ കൈവശം വെച്ചിരുന്ന സ്ഥലമായിരുന്നു ഇത്. എന്നാൽ ഇതിന്റെ തണ്ടപ്പേർ റദ്ദാക്കുന്നതടക്കമുള്ള നിയമനടപടികൾ അന്ന് നടന്നിരുന്നു.
എന്നാൽ തണ്ടപ്പേർ റദ്ദാക്കിയത് മറച്ചുവെച്ച് സ്ഥലം പോക്കുവരവ് ചെയ്ത് രവീന്ദ്രൻ ഉടമസ്ഥാവകാശം കൈക്കലാക്കുകയും വ്യാജരേഖ ചമച്ച് കോടതിയെ സമീപിച്ചുവെന്നാണ് ബിന്ദുവും ഷാജിയും പറയുന്നത്. നാട്ടുകാരും സമീപത്തെ കർഷകതൊഴിലാളികളും രാഷ്ട്രീയക്കാരും ഇക്കാര്യമാണ് ആവർത്തിക്കുന്നത്. രവീന്ദ്രന്റെ സ്ഥലത്തുള്ളതല്ലെന്നും സർക്കാർ വക സ്ഥലത്താണ് താമസിക്കുന്നതെന്നും അവർ പറഞ്ഞു .അതേസമയം രവീന്ദ്രന് അനുകൂലവിധി ലഭിച്ചതിനെ തുടർന്നാണ് ഇന്ന് തഹസിൽദാർ പോലീസ് സുരക്ഷയിൽ കുടിയൊഴിപ്പിക്കാനെത്തിയത്. ഫയർഫോഴ്‌സ് അംഗങ്ങളുടെ ഇവർക്കൊപ്പമുണ്ടായിരുന്നു.
































