ജയ്പൂര്‍ : ജില്ലയിലെ ഡുഡു നഗരത്തില്‍ സഹോദരിമാരായ മൂന്ന് സ്ത്രീകളെയും രണ്ട് കുട്ടികളെയും കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മരിച്ച സ്ത്രീകളില്‍ രണ്ടുപേര്‍ ഗര്‍ഭിണികളാണ്. ശനിയാഴ്ചയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. സഹോദരിമാരായ കലു മീന (25) , മംമ്ത മീന (23), കംലേഷ് മീന (20) എന്നിവരാണ് മരിച്ച സ്ത്രീകള്‍. ഇതില്‍ മംമ്ത, കംലേഷ് എന്നിവര്‍ പൂര്‍ണ ഗര്‍ഭിണികളായിരുന്നു.
മരിച്ച കുട്ടികള്‍ രണ്ടും കലു മീനയുടേതാണ്. ഒരാള്‍ക്ക് നാല് വയസ്സും മറ്റെയാള്‍ക്ക് 27 ദിവസവുമാണ് പ്രായം. മൂവരെയും ഒരെ കുടുംബത്തിലെ സഹോദരന്മാരാണ് വിവാഹം ചെയ്തിരുന്നത്. സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍തൃ വീട്ടുകാര്‍ കൊലപ്പെടുത്തിയതാണെന്നും ആരോപണമുണ്ട്. ഇവരുടെ വീട്ടില്‍നിന്ന് രണ്ടു കിലോമീറ്റര്‍ അകലെയുള്ള കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. അന്വേഷണം ഊര്‍ജിതമാണെന്ന് എ.എസ്.പി ദിനേശ് കുമാര്‍ ശര്‍മ അറിയിച്ചു.