ചണ്ഡിഗഡ് : ഹരിയാനയില്‍ ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ചനിലയില്‍ കണ്ടെത്തി. നരേഷ്, ഇയാളുടെ ഭാര്യ, ഇവരുടെ രണ്ടു കുട്ടികള്‍, നരേഷിന്റെ മരുമകള്‍ എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. പല്‍വാല്‍ ജില്ലയിലെ ഔറംഗബാദ് ഗ്രാമത്തിലെ വീടിനുള്ളിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ, ഭാര്യയ്ക്കും കുട്ടികള്‍ക്കും നരേഷ് ഉറക്ക ഗുളികകള്‍ നല്‍കുകയോ വിഷം നല്‍കുകയോ ചെയ്തിരിക്കാം. അതിനുശേഷം ശ്വാസം മുട്ടിച്ചു കൊല്ലുകയായിരുന്നു. പിന്നീട് നരേഷും തൂങ്ങിമരിച്ചു. സംഭവത്തിനു പിന്നിലെ കാരണം വ്യക്തമല്ലെന്നും ഡപ്യൂട്ടി പോലീസ് സൂപ്രണ്ട് സജ്ജന്‍ സിങ് പറഞ്ഞു. അതേസമയം, നരേഷും ഭാര്യയും തമ്മില്‍ കലഹമുണ്ടായിരുന്നതായി നരേഷിന്റെ അച്ഛന്‍ പറഞ്ഞു. ബുധനാഴ്ചയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.