നന്മണ്ട : കാണാതായ യുവതിയുടെ മൃതദേഹം ക്വാറിയില്‍ കണ്ടെത്തി. പാറക്കുഴിയില്‍ രഗീഷിന്റെ ഭാര്യ ശിശിര (23) യുടെ മൃതദേഹമാണ് കണ്ടെത്തിയത്. രാവിലെ മുതല്‍ നാട്ടുകാരും ഫയര്‍ ആന്റ് റെസ്ക്യു ഫോഴ്സും മുങ്ങല്‍ വിദഗ്ധരും പരലാട് ക്വാറിയില്‍ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ശിശിരയെ കാണാതായതിന് പിന്നാലെ രഗീഷിന്റെ അച്ഛന്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.
ശിശിരയുടെ മൊബൈല്‍ ഫോണും ചെരിപ്പും ക്വാറിക്ക് സമീപം കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ക്വാറിയില്‍ തെരച്ചില്‍ ആരംഭിച്ചത്. സ്ഥലത്ത് ഡോഗ് സ്‌ക്വാഡും എത്തി. പരിശോധനകള്‍ക്കു ശേഷമേ കൂടുതല്‍ കാര്യങ്ങള്‍ പറയാന്‍ കഴിയൂ എന്ന് പോലീസ് അറിയിച്ചു. മൃതദേഹം ആശുപത്രിയിലേയ്ക്കു മാറ്റി.