ആലപ്പുഴ : ജില്ലയില്‍ നിരോധനാജ്ഞ വ്യാഴാഴ്ച രാവിലെ ആറുവരെ നീട്ടി. ബിജെപി, എസ്ഡിപിഐ നേതാക്കളുടെ കൊലപാതകത്തെ തുടര്‍ന്ന് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് നിരോധനാജ്ഞ നീട്ടിയത്. സംസ്ഥാനത്ത് മൂന്ന് ദിവസത്തേക്ക് കര്‍ശന പരിശോധനക്ക് ഡി.ജി.പിയുടെ നിര്‍ദേശമുണ്ട്. സംസ്ഥാനത്തെ മുഴുവന്‍ പോലീസ് സേനാംഗങ്ങളെയും ഇതിനായി നിയോഗിക്കും. വളരെ അടിയന്തിര സാഹചര്യങ്ങളില്‍ മാത്രമേ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് അവധി അനുവദിക്കൂ.
സംസ്ഥാനത്ത് രാത്രിയും പകലും വാഹനപരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. അതിനിടെ ബിജെപി നേതാവ് രണ്‍ജീത്ത് വധക്കേസില്‍ എസ്ഡിപിഐ പഞ്ചായത്തംഗത്തെ പോലീസ് കസ്റ്റഡിയിലെടുത്തു. മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് അഞ്ചാം വാര്‍ഡ് മെമ്പര്‍ നവാസ് നൈനയെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. എസ്ഡിപിയുടെ സജീവ പ്രവര്‍ത്തകനാണ് നവാസ് നൈന.
ആലപ്പുഴയിലെ ഇരട്ടക്കൊലപാതകങ്ങളില്‍ ഗൂഢാലോചനയെക്കുറിച്ചുള്ള അന്വേഷണം പ്രാഥമികഘട്ടത്തിലാണെന്ന് എഡിജിപി വിജയ് സാഖറെ പറഞ്ഞു. സാമൂഹിക മാധ്യമങ്ങളിലെ പ്രകോപനപരമായ പോസ്റ്റുകള്‍ നിരീക്ഷിക്കുന്നുണ്ട്. ഷാന്‍ വധത്തില്‍ രണ്ടുപേര്‍ അറസ്റ്റിലായിട്ടുണ്ടെന്നും നിരവധി പേര്‍ കസ്റ്റഡിയിലാണെന്നും വിജയ് സാഖറെ അറിയിച്ചു.