ആലുവ : വ്യാപാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. റെയില്‍വേ സ്റ്റേഷന്‍ റോഡിലെ വ്യാപാര സ്ഥാപനത്തിനുള്ളിലാണ് സംഭവം. കൊടിക്കുന്നുമല സ്വദേശി മണ്ണാറ എം.എച്ച് സാജിദിനെയാണ് വ്യാപാര സമയത്ത് കടയുടെ മൂന്നാംനിലയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സാമ്പത്തിക പ്രതിസന്ധിയാണ് ആത്മഹത്യക്ക് കാരണമെന്നാണ് നിഗമനം. ഇത് സ്ഥിരീകരിക്കുന്ന ആത്മഹത്യാക്കുറിപ്പും സ്ഥലത്ത് നിന്ന് പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഇയാള്‍ക്ക് നിരവധി കടങ്ങളുണ്ടെന്നും ആര്‍ക്കും ബാധ്യതയാകാനാണ് ഇങ്ങനെ ചെയ്യുന്നതെന്നും കത്തില്‍ പറയുന്നു.
രണ്ട് മണിക്കൂര്‍ ആയിട്ടും മുകളിലേക്ക് കയറിപ്പോയ ഉടമസ്ഥന്‍ തിരികെ എത്താത്തതിനാല്‍ തൊഴിലാളികള്‍ നടത്തിയ തെരച്ചിലിലാണ് സാജിദിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. കൊവിഡിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണിന് ശേഷം സാമ്പത്തിക ബാധ്യതയിലായിരുന്നു സാജിദ്. മരണത്തില്‍ കേസെടുത്ത പോലീസ് കടയിലെ തൊഴിലാളികളുടെയും ബന്ധുക്കളുടെയും മൊഴിയെടുക്കുകയാണ്.